ചേലങ്ങാടനെ അവതരിപ്പിച്ച ശ്രീനിവാസൻ

Sunday 21 December 2025 12:02 AM IST

ചേർത്തല : കമൽ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ സെല്ലുലോയ്ഡിൽ ചേലങ്ങാടനെ അവതരിപ്പിച്ച ശ്രീനിവാസൻ ചേർത്തലയ്ക്കും അടുപ്പക്കാരനായിരുന്നു.

ജെ.സി.ഡാനിയൽ എന്ന പ്രതിഭയെ മലയാള സിനിമയുടെ പിതാവെന്ന് കണ്ടെത്തിയത് ചേർത്തല സ്വദേശിയായ സിനിമ നിരൂപകൻ ചേലങ്ങാട്ടു ഗോപാലകൃഷ്ണനാണ്.ജെ.സി. ഡിനിയേലിന്റെ ജീവിതകഥയും വിനുഎബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലും അടിസ്ഥാനമാക്കിയായിരുന്നു സെല്ലുലോയ്ഡിന്റെ തിരക്കഥയെഴുതിയത്. ജെ.സി. ഡാനിയേൽ എന്ന മലയാള സിനിമയുടെ പിതാവിനെ തിരഞ്ഞുകണ്ടെത്തിയ ചേലങ്ങാടു ഗോപാലകൃഷ്ണനെ അവതരിപ്പിക്കാൻ ശ്രീനിവാസനെ മുന്നിൽ കണ്ടുതന്നെയായിരുന്നു തിരക്കഥ. മലയാള സിനിമയുടെ ആദ്യകാലം ആസ്വദിച്ചുതന്നെയാണ് ചരിത്രകാരനായതെന്നു ശ്രീനിവാസനും പലയിടത്തും പറഞ്ഞിരുന്നു.

തന്റെ സകല സമ്പത്തും ഉപയോഗിച്ച് മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനെടുത്ത ഡാനിയൽ സിനിമ പരാജയപ്പെട്ടതോടെ സാമ്പത്തീകമായി തകർന്നു. .അജ്ഞാതനായി കന്യാകുമാരിക്ക് കിഴക്ക് അഗസ്തീശ്വരം എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ഡാനിയലിനെ കണ്ടെത്തിയത് ചേലങ്ങാടനാണ്.അന്നു തുടങ്ങിയ പരിശ്രമമാണ് ഡാനിയലിനെ മലയാള സിനിമയുടെ പിതാവായി സംസ്ഥാന സർക്കാർ അംഗീകരിക്കാനും അദ്ദേഹത്തിന്റെ പേരിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഏർപ്പെടുത്താനും ഇടയാക്കിയത് .ആ കഥയാണ് പിന്നീട് സെല്ലൂലോയ്ഡ് എന്ന സിനിമയിൽ പറഞ്ഞത്. കഥാപാത്രത്തെ ഒരുക്കാനായി കൊല്ലം സുരേഷിന്റെ കലാസംവിധാനത്തിൽ ശ്രീനിവാസനെ ചേലങ്ങാടനാക്കി മാറ്റി. ഇതിനായി ചേലങ്ങാടൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ചെരുപ്പും എൻട്രി സാന്റോസിന്റെ വാച്ചും പ്രത്യേകമായി തന്നെ ഒരുക്കിയിരുന്നു. പട്ടണം റഷീദായിരുന്നു ശ്രീനിവാസനെ ചേലങ്ങാടു ഗോപാലകൃഷ്ണനായി ഒരുക്കിയത്.അതിന് വേണ്ട നിർദ്ദേശങ്ങൾ റഷീദിന് നൽകിയത് ചേലങ്ങാടന്റെ അനന്തിരവനും സിനിമ നിർമ്മാതാവുമായ എം.രഞ്ജിത്താണ്.