ഡോഗ് ക്യാച്ചേഴ്സ് കളം വിടുന്നു
ആലപ്പുഴ: തെരുവുനായശല്യം നാടാകെ രൂക്ഷമായിരിക്കെ, വന്ധ്യംകരണത്തിനും വാക്സിനേഷനും നായ്ക്കളെ പിടികൂടാൻ തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ആശ്രയിക്കുന്ന ഡോഗ് ക്യാച്ചേഴ്സ്, കുറഞ്ഞവേതനവും കുടിശികയും കാരണം കളം വിടുന്നു. കുടുംബശ്രീ വനിതകളുൾപ്പെടെ രണ്ട് ഡസനിലധികം ഡോഗ് ക്യാച്ചേഴ്സുണ്ടായിരുന്ന ജില്ലയിൽ ചേർത്തലയിലേത് ഒഴികെ മറ്റെല്ലാവരും പട്ടിപിടിത്തം നിർത്തി.
ജനന നിയന്ത്രണ പദ്ധതിയുടെ (എ.ബി.സി) ഭാഗമായി ഒരു നായയെ പിടികൂടി വന്ധ്യം കരിച്ച് അഞ്ച് ദിവസത്തിന് ശേഷം അതേ സ്ഥലത്ത് തിരികെ വിടുന്നതിന് 500 രൂപയാണ് ഇവരുടെ പ്രതിഫലം.
ഡോഗ് ക്യാച്ചേഴ്സും ഡ്രൈവറുമുൾപ്പെടെ മൂന്നുപേരാണ് പിക്കപ്പ് വാൻ അടക്കമുള്ള എ.ബി.സി സംഘത്തിലുള്ളത്.ഒരു ദിവസം കുറഞ്ഞത് 10 നായ്ക്കളെയെങ്കിലും പിടികൂടി വന്ധ്യം കരണത്തിന് കൈമാറണം.ദൂരസ്ഥലങ്ങളിൽ പോകുമ്പോൾ ഇന്ധനച്ചെലവും ഭക്ഷണച്ചെലവും ഉൾപ്പടെ സ്വന്തം കീശയിൽ നിന്ന് ചെലവഴിക്കേണ്ടിവരും. കുടുംബശ്രീ പ്രവർത്തകർക്ക് ഉൾപ്പെടെ ഡോഗ് ക്യാച്ചിംഗിന് പരിശീലനം നൽകി രംഗത്തിറക്കിയെങ്കിലും മതിയായ പ്രതിഫലം കിട്ടാത്തതിനാൽ അവരും മറ്റ് തൊഴിലുകൾ തേടിപ്പോയി.
ചേർത്തല നഗരസഭയിൽ 600 ലധികം നായ്ക്കളെ പിടികൂടിയതിന് ഒരു ലക്ഷത്തോളം രൂപ കുടിശികയാണ്. കടക്കരപ്പള്ളി പഞ്ചായത്തിൽ 273 നായ്ക്കളെ വന്ധ്യംകരിച്ചെങ്കിലും പണം കുടിശികയാണ്. സ്പോട്ട് വാക്സിനേഷന് 300 രൂപയാണ് ഇവർക്ക് പ്രതിഫലം. അതും യഥാസമയം ലഭിക്കാറില്ല.
തദ്ദേശ സ്ഥാപനങ്ങൾ തെരുവുനായ് നിർമ്മാർജ്ജനത്തിനായി ഫണ്ട് വകയിരുത്തിയിട്ടും ക്യാച്ചേഴ്സിന് മതിയായ പ്രതിഫലം നൽകാത്ത പക്ഷം പദ്ധതിനടത്തിപ്പ് വെല്ലുവിളിയാകും.
ജില്ലയിൽ
തെരുവുനായ്ക്കൾ : 70,000
വന്ധ്യംകരണ സെന്ററുകൾ :
ചേർത്തല, കണിച്ചുകുളങ്ങര
കുറഞ്ഞവേതനവും കുടിശികയും
1.ജില്ലയിൽ എവിടെങ്കിലും പേപ്പട്ടിയിറങ്ങിയാൽ എത്ര ദൂരത്തിലായാലും തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ഡോഗ് ക്യാച്ചേഴ്സിന്റെ സഹായം തേടും. 2.ബൈക്കിൽ അവിടെയെത്തുമ്പോൾ ഒന്നുകിൽ നായയെ കാണാതാകും. അല്ലെങ്കിൽ ചത്ത നിലയിൽ കണ്ടെത്തും.രണ്ടായാലും പ്രതിഫലമില്ല
3.നായയെ പിടികൂടിയാൽ കൂട്ടിലടയ്ക്കുകയോ, കെട്ടിയിടുകയോ വേണം. പേവിഷബാധയേറ്റതിനാൽ അതിന് നാട്ടുകാർ സമ്മതിക്കില്ല
4.തദ്ദേശ സ്ഥാപനങ്ങളിലോ, മൃഗാശുപത്രികളിലോ കൂടും കാണില്ല.ഹരിത കർമ്മസേനയുടെ ബോട്ടിൽ ബൂത്തുകളാണ് പിന്നീടുള്ള ആശ്രയം
5.ഉപയോഗിക്കുന്ന പിക്കപ്പിന്റെ ഇന്ധനച്ചെലവ്, ഡ്രൈവറുൾപ്പെടെ 3പേരുടെ വേതനം ഇവയെല്ലാം കണക്കാക്കുമ്പോൾ ഡോഗ് ക്യാച്ചേഴ്സിന് കുടുംബം പുലർത്താൻ പ്രതിഫലം തികയില്ല
പേപ്പട്ടിയെ കീഴ്പ്പെടുത്തുന്നതുൾപ്പെടെ സാഹസികമായ ജോലിയാണ്. നായയെ പിടികൂടി തിരിച്ചുവിടുന്നതുൾപ്പെടെ രണ്ട് ദിവസത്തെ സേവനത്തിനാണ് 500 രൂപ ലഭിക്കുന്നത്. എത്ര ദൂരത്തിൽ പോയി പിടിച്ചാലും വേതനത്തിൽ വർദ്ധനയില്ല
- ഡോഗ് ക്യാച്ചർ, ചേർത്തല