ഓട്ടോ ഡ്രൈവറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

Sunday 21 December 2025 12:16 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് കുടുംബത്തിന്റെ പരാതി.വള്ളക്കടവ് സ്വദേശി ദസ്തകീർ (46) എന്ന യുവാവിനാണ് പൊലീസിന്റെ മർദ്ദനമേറ്റത്. സംഭവസ്ഥലത്ത് വച്ചും സ്റ്റേഷനിൽ കൊണ്ടുപോയും മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു.അതേസമയം ഈ ആരോപണം പൊലീസ് നിഷേധിച്ചു.സംഭവത്തിൽ കമ്മീഷണർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

മദ്യപിച്ച് ഭാര്യയ്ക്ക് നേരെ അതിക്രമം കാണിച്ചതിനാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത്.വ്യാഴാഴ്ചയായിരുന്നു സംഭവം. യുവാവ് ആക്രമിച്ചപ്പോൾ ഭാര്യ സലീനയും മകനും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പിന്നാലെ പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

തുടർന്ന് പൊലീസുകാർ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം.പിൻഭാഗത്തും കാലുകളിലും അടിയേറ്റ നിരവധിപാടുകൾ ശരീരത്തിലുണ്ട്.വെള്ളിയാഴ്ച പുലർച്ചെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ദസ്തകീർ.മണ്ണന്തലയിൽ താമസിക്കുന്ന ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം വച്ച് ആക്രമിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.