ഇൻഷ്വറൻസ് തുക തട്ടാൻ കൊടുംക്രൂരത; പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നു

Sunday 21 December 2025 12:42 AM IST

തമിഴ്നാട്: മൂന്ന് കോടിയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ മക്കൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. പൊത്താതൂർപേട്ട ഗ്രാമത്തിലെ വീട്ടിലാണ് 56കാരനായ ഇ.പി ഗണേശൻ പാമ്പുകടിയേറ്റ് മരിച്ചത്. വൻതുകയുടെ ലൈഫ് ഇൻഷ്വറൻസ് ക്ലെയിം ചെയ്യുന്നതിനായി മക്കൾ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. ഇൻഷ്വറൻസ് കമ്പനിക്ക് തോന്നിയ സംശയമാണ് ചുരുളഴിച്ചത്.

സർക്കാർ സ്‌കൂളിലെ ലാബ് അസിസ്റ്റന്ററായ ഗണേശൻ ഒക്ടോബറിലാണ് മരിച്ചത്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കുടുംബം റിപ്പോർട്ട് ചെയ്തതോടെ പൊലീസ് കേസെടുത്തു.

മരണാനന്തരമുള്ള ഇൻഷ്വറൻസ് ക്ലെയിം നടപടികൾക്കിടെയാണ് ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥ‍ർക്ക് സംശയം തോന്നിയത്. മൂന്ന് കോടി രൂപയുടെ ഒന്നിലധികം പോളിസികളാണ് ഗണേശിന്റെ പേരിൽ മക്കളായ മോഹൻരാജ് (26), ഹരിഹരൻ(27) എന്നിവർ എടുത്തിരുന്നത്. ക്ലെയിമുകളുടെ നോമിനികളുടെ പെരുമാറ്റം സംശയാസ്പദമായതിനെ തുടർന്ന്, കമ്പനി വിവരം നോർത്ത് സോൺ ഐ.ജി അസ്റാ ഗാർഗിനെ അറിയിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മോഹനെയും ഹരിഹരനെയും കുറ്റകൃത്യം നടത്താൻ സഹായിച്ച നാല് പേരെയും പൊലീസ് അറസ്റ്ര് ചെയ്തു.

ഗൂഢാലോചന

ഏറെ നാളത്തെ ഗൂഢാലോചനയ്ക്കുശേഷം കൃത്യം നടത്താൻ ഇരുവരും പദ്ധതിയിട്ടു. കുറ്റകൃത്യം നടന്ന ദിവസം അതിരാവിലെ വിഷമുള്ള ഒരു പാമ്പിനെ വീട്ടിലെത്തിച്ച് ഗണേശിന്റെ കഴുത്തിൽ കടിപ്പിച്ചു. പാമ്പ് ആകസ്മികമായി കടന്നുവന്നതാണെന്ന തോന്നൽ ശക്തിപ്പെടുത്തുന്നതിനും തെളിവുകൾ ഇല്ലാതാക്കുന്നതിനുമായി പാമ്പിനെ വീട്ടിൽ വച്ചുകൊന്നു.

ഗണേശിനെ ആശുപത്രിയിലെത്തിക്കാനെടുത്ത കാലതാമസം അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു.