യാത്രക്കാരനെ മർദ്ദിച്ച എയർ ഇന്ത്യ പൈലറ്റിന് സസ്‌പെൻഷൻ
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്ക് ഏരിയയിൽ വരി തെറ്റിച്ചുമുന്നോട്ടുകയറിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റിനെ യാത്രക്കാരൻ ചോദ്യംചെയ്‌തു. പ്രകോപിതനായ പൈലറ്റ് സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു. ചോരയൊലിച്ചു നിൽക്കുന്ന ചിത്രം യാത്രക്കാരൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ നടപടിയെടുക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്‌ക്ക് നിർദ്ദേശം നൽകിയതിനു പിന്നാലെ പൈലറ്റ് വിരേന്ദർ സെജ്‌വാളിനെ എയർ ഇന്ത്യ എക്‌സ്‌പ്രസ് സസ്‌പെൻഡ് ചെയ്‌തു. കൈക്കുഞ്ഞിനൊപ്പം യാത്രചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന യാത്രക്കാരനെയാണ് പൈലറ്റ് ആക്രമിച്ചത്. ഒന്നാം നമ്പർ ടെർമിനലിൽ ശനിയാഴ്ചയായിരുന്നു സംഭവം. നാലു മാസം പ്രായമുള്ള കുഞ്ഞുമായെത്തിയതിനാൽ വേഗത്തിൽ സുരക്ഷാപരിശോധന പൂർത്തിയാക്കാൻ അങ്കിതിനെയും കുടുംബത്തെയും ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്ന സ്റ്റാഫ് സെക്യൂരിറ്റി ചെക്ക്ഇൻ ലൈനിലേക്ക് വിമാനകമ്പനി സ്റ്റാഫ് നയിച്ചു. അവിടെ വരിയിൽ നിൽക്കുമ്പോൾ പൈലറ്ര് വരിതെറ്റിച്ചു മുന്നോട്ടുകയറിയെന്ന് യാത്രക്കാരൻ പറയുന്നു. ഇതു ചോദ്യംചെയ്‌തയുടൻ അവഹേളിക്കുകയും ബോർഡ് വായിക്കാൻ അറിയില്ലേയെന്നും പൈലറ്റ് ചോദിച്ചു. തർക്കത്തിനിടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. കുടുംബത്തിനുമുമ്പിൽ വച്ചാണ് ആക്രമണം നടന്നതെന്നും, അക്രമത്തിന് സാക്ഷിയാകേണ്ടി വന്ന ഏഴു വയസുള്ള മകൾ വലിയ മാനസികാഘാതത്തിലാണെന്നും യാത്രക്കാരൻ പറഞ്ഞു. സുരക്ഷാചുമതലയുണ്ടായിരുന്ന സി.ഐ.എസ്.എഫിനോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും ആരോപിച്ചു. സംഭവത്തെ എയർ ഇന്ത്യ എക്‌സ്‌പ്രസ് ശക്തമായി അപലപിച്ചു.
കുടുംബത്തിന്റെ മുന്നിൽവച്ചാണ് എന്നെ മർദ്ദിച്ചത്. അച്ഛനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട എന്റെ ഏഴുവയസുകാരി മകൾ ഇപ്പോഴും ആ ആഘാതത്തിലാണ് - അങ്കിത് ദേവാൻ
വിരേന്ദർ സെജ്‌വാളിനെ ചുമതലകളിൽ നിന്നും നീക്കം ചെയ്‌തു. സംഭവത്തിൽ അഗാധമായി ഖേദിക്കുന്നു - എയർ ഇന്ത്യ എക്‌സ്‌പ്രസ്