'എസ്.ഐ.ആർ അനധികൃത കുടിയേറ്റക്കാരെ തുരത്താൻ'; മോദി

Sunday 21 December 2025 12:44 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ (എസ്.ഐ.ആർ) നുഴഞ്ഞുകയറ്റക്കാരെ തുരത്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാം നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെ കടന്നാക്രമിച്ച മോദി ദേശദ്രോഹികൾ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും പറഞ്ഞു.

'അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ എസ്.ഐ.ആർ നടത്തുകയാണ്. ദേശീയ പൗരത്വ രജിസ്റ്റർ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അസാമിൽ ജനുവരി ഒന്നുമുതൽ സ്‌പെഷ്യൽ റിവിഷനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രക്രിയകൾ രാജ്യസുരക്ഷയ്‌ക്കും തിരഞ്ഞെടുപ്പുകളുടെ സമഗ്രത സംരക്ഷിക്കുന്നതിനും അനിവാര്യമാണ്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നു. അനധികൃത കുടിയേറ്റക്കാർക്ക് ചരിത്രപരമായിതന്നെ ചില പാർട്ടികൾ രാഷ്ട്രീയ സംരക്ഷണമൊരുക്കി. നുഴഞ്ഞുകയറ്റക്കാർ അസാമിലെ വനഭൂമി കൈയേറുന്ന സാഹചര്യമുണ്ടായി. സാംസ്‌കാരിക സ്വത്വത്തിനുഭീഷണിയായി. അത്തരം രാഷ്ട്രീയ പാർട്ടികളുടെ നയങ്ങൾ മേഖലയുടെ സുരക്ഷയെ ബാധിച്ചു. കോൺഗ്രസ് ഭരണത്തിൽ ദശകങ്ങളോളം വികസനം സ്‌തംഭിച്ചു. അക്രമങ്ങൾ തുടർക്കഥയായി. എന്നാലിപ്പോൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കൈയേറ്റക്കാരിൽ നിന്ന് അസാമിനെ സംരക്ഷിക്കാനുള്ള കഠിനപ്രയത്നത്തിലാണ്"- മോദി പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ മോദി ഗുവാഹത്തിയിൽ 5000 കോടി രൂപ മുടക്കി നിർമ്മിച്ച പ്രകൃതി സൗഹൃദ വിമാനത്താവള ടെർമിനൽ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു. ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് രാജ്യാന്തര വിമാനത്താവളത്തിലാണിത്.

മഞ്ഞ്: നാഡിയയിൽ

ഇറങ്ങിയില്ല

ഗുവാഹത്തിയിലേക്ക് പോകുംമുമ്പ് ബംഗാളിലെ നാഡിയയിൽ സന്ദർശനം നിശ്ചയിച്ചിരുന്നുവെങ്കിലും കനത്ത മഞ്ഞു കാരണം മോദിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല.

തുടർന്ന് കൊൽക്കത്തയിലെത്തി ഓൺലൈനായി മോദി പൊതുറാലിയെ അഭിസംബോധന ചെയ്‌തു. അനധികൃത കുടിയേറ്റക്കാരെ മമത സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച മോദി ബംഗാളിൽ ജംഗിൾ രാജാണെന്നും കുറ്റപ്പെടുത്തി.