എ.ഐ ഗ്ലാസ് ധരിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി: സിംഗപ്പൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എ.ഐ മെറ്റാ കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കൻ വംശജനായ സിംഗപ്പൂർ സ്വദേശിയെ പൊലീസ് പിടികൂടി.ഫേസ്ബുക്കിന്റെ മാതൃകാ കമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസ് ധരിച്ചെത്തിയ തിരുനീപ്പനെയാണ് (49) സുരക്ഷാ ജീവനക്കാർ പിടികൂടിയത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം.കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയതായിരുന്നു.ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തശേഷം ഇന്ന് രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് വിട്ടയച്ചു.
അതീവ സുരക്ഷയുള്ള ക്ഷേത്രത്തിൽ ഇലക്ട്രോണിക് സാധനങ്ങൾക്കെല്ലാം നിയന്ത്രണമുണ്ട്.എന്നാൽ ഇക്കാര്യം അറിയാതെയാണ് ഗ്ലാസ് ധരിച്ചെത്തിയതെന്നാണ് ഇയാളുടെ വിശദീകരണം.സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.സ്മാർട്ട് ഗ്ലാസ് ധരിച്ചെത്തി ക്ഷേത്രത്തിൽ കയറിയ ഗുജറാത്ത് സ്വദേശിയും മുമ്പ് അറസ്റ്റിലായിരുന്നു.