ആകാശത്തേക്ക് പറന്ന് മിക്കേല
വാഷിംഗ്ടൺ: വീൽചെയറിൽ ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തിയെന്ന സുവർണ നേട്ടം കൈവരിച്ച് മിക്കേല ബെന്തോസ് (33). ജർമ്മൻ എയറോസ്‌പേസ്, മെക്കാട്രോണിക്സ് എൻജിനിയറായ മിക്കേല അടക്കം 6 പേരെ വഹിച്ചുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ എൻ.എസ് - 37 ബഹിരാകാശ വിനോദ യാത്രാ ദൗത്യം വിജയകരമായി വിക്ഷേപിച്ചു.
ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.45ന് യു.എസിലെ വെസ്റ്റ് ടെക്സസിൽ നിന്നായിരുന്നു വിക്ഷേപണം. ദൗത്യത്തിന് ഉപയോഗിച്ച ന്യൂ ഷെപ്പേഡ് റോക്കറ്റ് ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ മറികടന്ന് പന്ത്രണ്ട് മിനിറ്റ് കൊണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. യൂറോപ്യൻ സ്പേസ് ഏജൻസിയിൽ ജോലി ചെയ്യുന്ന മിക്കേല, 2018 മുതൽ വീൽചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. 2018ൽ ഒരു അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതാണ് മിക്കേലയുടെ ജീവിതം മാറ്റിമറിച്ചത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ 37-ാം ദൗത്യമായിരുന്നു എൻ.എസ് - 37. 37 ദൗത്യങ്ങളിൽ 17 എണ്ണത്തിൽ മാത്രമാണ് മനുഷ്യർ ഭാഗമായത്. 20 ദൗത്യങ്ങൾ ഗവേഷണങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. ആകെ 86 പേർ ന്യൂ ഷെപ്പേഡ് ദൗത്യങ്ങളിലൂടെ ബഹിരാകാശത്തെത്തി.