സിറിയയിലെ ഐസിസ് കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്

Sunday 21 December 2025 6:41 AM IST

ഡമാസ്‌കസ്: സിറിയയിൽ ഐസിസ് ഭീകര കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ്. ഓപ്പറേഷൻ ഹോക്ക്‌ഐ സ്ട്രൈക്ക് എന്ന പേരിൽ വെള്ളിയാഴ്ച രാത്രിയാണ് ദൗത്യം തുടങ്ങിയത്. നിരവധി ഐസിസ് അംഗങ്ങളെ വധിച്ചെന്ന് യു.എസ് പറയുന്നു.

പരിശീലന ക്യാമ്പുകളും ആയുധ സംഭരണ കേന്ദ്രങ്ങളും അടക്കം 70ലേറെ ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി. സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറായുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഈ മാസം 13ന് മദ്ധ്യ സിറിയയിലെ പാൽമിറയിൽ ഐസിസ് ഭീകരൻ നടത്തിയ വെടിവയ്‌പിൽ 2 അമേരിക്കൻ സൈനികരും സഹായി ആയ അമേരിക്കൻ പൗരനും കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയായിട്ടാണ് യു.എസ് ദൗത്യം ആരംഭിച്ചത്. ഭീകര വിരുദ്ധ ദൗത്യങ്ങളുടെ ഭാഗമായി ആയിരത്തോളം അമേരിക്കൻ സൈനികർ നിലവിൽ സിറിയയിലുണ്ട്.