ഹിന്ദു യുവാവിന്റെ കൊലപാതകം: ബംഗ്ലാദേശിൽ 7 പേർ അറസ്റ്റിൽ
അക്രമങ്ങൾ കുറഞ്ഞു, ജാഗ്രത തുടരുന്നു
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. വ്യാഴാഴ്ച മൈമെൻസിംഗ് ജില്ലയിലെ ബലൂക്കയിലാണ് മതനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസിനെ (25) ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചത്.
സംഭവം അന്താരാഷ്ട്ര തലത്തിൽ വിമർശനത്തിന് ഇടയാക്കിയതോടെയാണ് മുഹമ്മദ് യൂനുസ് തലവനായുള്ള ഇടക്കാല സർക്കാർ നടപടികൾ ഊർജ്ജിതമാക്കിയത്. പ്രതികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിലൂടെ റാപ്പിഡ് ആക്ഷൻ ബറ്റാലിയനാണ് (ആർ.എ.ബി) അറസ്റ്ര് ചെയ്തത്.
ദീപുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ധാക്ക-മൈമൻസിംഗ് ഹൈവേയിലേക്കെത്തിച്ച ശേഷം അക്രമികൾ വീണ്ടും കത്തിച്ചിരുന്നു. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് യൂനുസ് പറഞ്ഞു. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷം രാജ്യത്ത് ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കുത്തനെ ഉയർന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആക്രമണങ്ങൾ തടയുന്നതിന് യൂനുസ് ഭരണകൂടം കർശന നടപടി സ്വീകരിക്കുന്നില്ലെന്നും വിവിധ ന്യൂനപക്ഷ സംഘടനകൾ ആരോപിക്കുന്നു.
# ഹാദിയുടെ മൃതദേഹം സംസ്കരിച്ചു
വെടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ (32) മൃതദേഹം ഇന്നലെ സംസ്കരിച്ചു
ധാക്കയിൽ പാർലമെന്റ് ഹൗസിന്റെ സൗത്ത് പ്ലാസയിൽ കനത്ത സുരക്ഷയിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ മുഹമ്മദ് യൂനുസ് അടക്കം നേതാക്കളും ആയിരക്കണക്കിന് അനുയായികളും പങ്കെടുത്തു
ധാക്ക യൂണിവേഴ്സിറ്റി ക്യാമ്പസിൽ ദേശീയ കവി കാസി നസ്രുൽ ഇസ്ലാമിന്റെ കല്ലറയ്ക്ക് സമീപം മൃതദേഹം സംസ്കരിച്ചു. മരണത്തിൽ അനുശോചിച്ച് ഇന്നലെ രാജ്യ വ്യാപകമായി ദുഃഖം ആചരിച്ചു
ഹാദിയുടെ മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം പൂർണമായും കെട്ടടങ്ങിയിട്ടില്ലെങ്കിലും ഇന്നലെ ഗുരുതരമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഹാദിയുടെ കൊലയാളികളെ പിടികൂടണമെന്ന് കാട്ടി പ്രതിഷേധം തുടരുന്നു
12നാണ് ഹാദിയുടെ തലയിൽ അജ്ഞാതർ വെടിവച്ചത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു
ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ച ഹാദി ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി 'ഗ്രേറ്റർ ബംഗ്ലാദേശ് " എന്ന പേരിൽ ഭൂപടങ്ങൾ പ്രചരിപ്പിച്ചിരുന്നു