പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം: മർദിച്ചവരിൽ സ്ത്രീകളും, പങ്കാളികളായത് പതിനഞ്ചോളം പേർ

Sunday 21 December 2025 9:04 AM IST

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് . രണ്ടു മണിക്കൂറോളം നീണ്ട ആൾക്കൂട്ട ആക്രമണത്തിൽ ചില സ്ത്രീകളും രാംനാരായണനെ ക്രൂരമായി മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചോ എന്ന് വ്യക്തമല്ല. പതിനഞ്ചോളം പേർ ആക്രമണത്തിൽ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്. അന്വേഷണമേ​റ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കും. സംഭവത്തിൽ അഞ്ചു പേരാണ് അറസ്റ്റിലായത്.

മണിക്കൂറുകൾ നീണ്ട ക്രൂര മർദനമാണ് രാംനാരായണന്റെ ജീവനെടുത്തത്. മോഷ്ടാവാണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ തല്ലിച്ചതച്ചത്. ശരീരമാസകലം മർദ്ദനമേ​റ്റ പാടുകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ വഴിതെ​റ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. ഭാഷയും വശമുണ്ടായിരുന്നില്ല. മാത്രമല്ല മൂന്നുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചുപോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.

അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവച്ചു. ചോദ്യം ചെയ്തെങ്കിലും ഭാഷ അറിയാത്തതിനാൽ മറുപടി നൽകാനായില്ല. ഇതോടെയാണ് മർദനം തുടങ്ങിയത്. ചോരതുപ്പി നിലത്തുവീണിട്ടും മർദനം തുടരുകയായിരുന്നു.