ദക്ഷിണാഫ്രിക്കയിൽ മദ്യശാലയ്ക്ക് മുൻപിൽ വെടിവയ്പ്പ്; പത്തുപേർ കൊല്ലപ്പെട്ടു, അക്രമികൾക്കായി തിരച്ചിൽ
പ്രിട്ടോറിയ: അജ്ഞാത സംഘം നടത്തിയ വെയിവയ്പ്പിൽ ദക്ഷിണാഫ്രിക്കയിൽ പത്തുപേർ കൊല്ലപ്പെട്ടു. ജോഹന്നാസ്ബർഗിലെ ബെക്കേഴ്സ്ഡാലിലായിലെ ഒരു മദ്യശാലയ്ക്ക് സമീപത്തായിരുന്നു വെടിവയ്പ്പ് നടന്നത്. ആക്രമണത്തിൽ പത്തിലധികം ആളുകൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ പ്രാദേശിക സമയം ഒരു മണിക്ക് ആക്രമണം നടന്നതായാണ് വിവരം. അക്രമികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്ന് ഗൗട്ടെങ് പ്രവിശ്യയിലെ പൊലീസ് വക്താവ് ബ്രിഗേഡിയർ ബ്രെൻഡ മുരിഡിലി അറിയിച്ചു. അതേസമയം, ദക്ഷിണാഫ്രിക്കയിലെ പ്രധാന സ്വർണഖനികൾക്ക് സമീപമുള്ള ബെക്കേഴ്സ്ഡാലിലെ ഒരു മദ്യശാലയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നതെന്നാണ് വിവരം. ഡിസംബർ ആറിനും ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ പ്രിട്ടോറിയ്ക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൽ തോക്കുധാരികൾ അതിക്രമിച്ച് കയറി വെടിവയ്പ്പ് നടത്തിയിരുന്നു. അന്ന് മൂന്ന് വയസുള്ള കുട്ടിയുൾപ്പടെ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഇവിടെ 63 ദശലക്ഷത്തിലധികം ജനങ്ങളാണ് താമസിക്കുന്നത്.