കലാപമൊടുങ്ങാതെ ബംഗ്ളാദേശ്: ബിഎൻപി നേതാവിന്റെ മകളെ ചുട്ടുകൊന്നു, ദാരുണമായി മരിച്ചത് ഏഴുവയസുകാരി

Sunday 21 December 2025 11:20 AM IST

ധാക്ക: ബംഗ്ലാദേശിൽ കലാപത്തിന് ശമനമില്ല. ഇന്നലെമാത്രം ഏഴുവയസുകാരി പൊള്ളലേറ്റ് മരിക്കുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ലക്ഷ്മിപൂർ സദർ ഉപസിലയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അസിസ്റ്റന്റ് ഓർഗനൈസിംഗ് സെക്രട്ടറിയും വ്യവസായിയുമായ ബെലാൽ ഹൊസൈൻ്റയുടെ വീടാണ് അക്രമികൾ കത്തിച്ചത്. ഇദ്ദേഹത്തിന്റെ ഇളയമകളാണ് കൊല്ലപ്പെട്ടത്. ബെലാലിനും പതിനാലും പതിനാറും വയസുള്ള രണ്ട് പെൺമക്കൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർക്ക് 50-60 ശതമാനം പൊള്ളലേറ്റുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. മികച്ച ചികിത്സയ്ക്കായി ഇവരെ ധാക്കയിലെ ആശുപത്രിയിലേക്ക് മാറ്റി.

അർദ്ധരാത്രിയോടടുത്താണ് വീടിനുനേരെ ആക്രമണമുണ്ടായത്. പുറത്തേക്കുള്ള വാതിലുകൾ തുറക്കാൻ കഴിയാത്തവിധം ബന്ധിച്ചശേഷം അക്രമികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ബലാലിന്റെ അമ്മ ഹസേറ ബീഗം പറയുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്നവർ മരണവെപ്രാളത്തോടെ നിലവിളിച്ചെങ്കിലും മനസലിയാതെ അക്രമികൾ കൊലവിളി തുടർന്നുകൊണ്ടിരുന്നു എന്നും അവർ പറയുന്നു. അക്രമികൾ സ്ഥലംവിട്ടശേഷമാണ് മൂവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചത്. അപ്പോഴേക്കും ഏഴുവയസുകാരി മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇതുവരെ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

വിഘടനവാദി നേതാവായ ഉസ്മാൻ ഹാദിയുടെ കൊലപാതകത്തോടെയാണ് ബംഗ്ലാദേശിൽ വീണ്ടും കലാപം തുടങ്ങിയത്.കഴിഞ്ഞദിവസം കലാപകാരികൾ മതനിന്ദ ആരോപിച്ച് ഹിന്ദുയുവാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചിരുന്നു.