ലോഡ് കയറ്റി വന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞു; ചരലിനടിയിൽപ്പെട്ട് തൊണ്ണൂറുകാരന് ദാരുണാന്ത്യം

Sunday 21 December 2025 11:34 AM IST

ഗ്വാളിയോർ: ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ചെറുമകൻ സതീഷ് ശർമയ്‌ക്കൊപ്പം താമസിച്ചിരുന്ന ഗിർരാജ് ശർമയാണ് കൊല്ലപ്പെട്ടത്. ശൈത്യകാലമായതിനാൽ രാവിലെ വീടിന് പുറത്ത് വെയിൽ കായാനിരിക്കുകയായിരുന്നു വയോധികൻ. സമീപത്തെ വീട്ടിൽ നിർമ്മാണപ്രവർത്തനത്തിനായി ചരൽ കയറ്റി വന്ന ട്രക്കാണ് മറിഞ്ഞത്. സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ടയറുകളിലൊന്ന് റോഡിലെ കുഴിയിൽ കുടുങ്ങിയതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് പെട്ടെന്ന് മറിയുകയായിരുന്നു. വാഹനം ചെരിയുന്നത് കണ്ട് വയോധികൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വളരെ പെട്ടെന്ന് ട്രക്കിലെ ചരൽ മുഴുവൻ അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീണു. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിസരവാസികൾ വിവരം അറിയച്ചതിനെതുടർന്ന് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വയോധികനെ പുറത്തെടുക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

റോഡിലെ മണ്ണിന് ബലമില്ലാത്തതിനാലാണ് ട്രക്കിന്റെ ടയർ പതിഞ്ഞുപോയതെന്ന് അധികൃതർ പറയുന്നു. കൂടാതെ രണ്ട് ദിവസം മുൻപ് ജലവിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടന്നതിനാൽ മണ്ണിന്റെ ബലക്ഷയം വർദ്ധിച്ചെന്നും അവർ കൂട്ടിച്ചേർത്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. ട്രക്ക് പിടിച്ചെടുത്തെന്നും ഡ്രൈവറെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പറയുന്നു.