സ്‌കാനിംഗിനായി അഴിച്ചുവച്ച സ്വർണമാല മോഷണം പോയി, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ

Sunday 21 December 2025 11:58 AM IST

കോഴിക്കോട്: സ്‌കാനിംഗ് സമയത്ത് രോഗി അഴിച്ചുവച്ച അഞ്ച് പവന്‍ വരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സയ്ക്കെത്തിയ സമീറയെന്ന യുവതിയുടെ സ്വ‌ർണമാലയാണ് നഷ്ടപ്പെട്ടത്.

സമീറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌കാനിംഗിനായി എത്തിയപ്പോള്‍ സ്കാനിംഗ് റൂമിലെ കട്ടിലിൽ മാല അഴിച്ചുവയ്ക്കുകയായിരുന്നു. പരിശോധന കഴിഞ്ഞ് തിരികെ വാര്‍ഡില്‍ എത്തിയപ്പോഴാണ് മാല എടുത്തില്ലെന്ന് മനസിലായത്.

പിന്നീട് തിരികെ ചെന്ന് നോക്കിയപ്പോള്‍ ആഭരണം അഴിച്ചുവച്ച സ്ഥലത്ത് കാണാനില്ലായിരുന്നു. സമീറയുടെ പരാതിയില്‍ വടകര പൊലീസാണ് കേസെടുത്തത്. ജീവിനക്കാരില്‍ നിന്നും സ്‌കാനിംഗിനെത്തിയ രോഗികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. എസ്‌ഐ പി വി പ്രശാന്താണ് കേസ് അന്വേഷിക്കുന്നത്. അതേസമയം രോഗിയെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ആഭരണം കിട്ടാതെ ആശുപത്രിയില്‍ നിന്ന് പോകില്ലെന്ന് സമീറ തറപ്പിച്ചുപറഞ്ഞു. പിന്നീട് പൊലീസെത്തി അനുനയിപ്പിച്ച ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്.