മലമൂത്രവിസർജനം നടത്തിയത് ചോദ്യം ചെയ്തു, ഗുരുവായൂർ ക്ഷേത്രനടപ്പാതയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമ‌ർദനം

Sunday 21 December 2025 12:50 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പാതയിൽ മലമൂത്രവിസർജനം നടത്തിയത് ചോദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം. വടക്കേനടയില്‍ മാഞ്ചിറ റോഡില്‍ ഏഴ് വര്‍ഷത്തോളമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തുന്ന ചാവക്കാട് തിരുവത്ര സ്വദേശി രാജേന്ദ്രനാണ് (66) മർദനത്തിനിരയായത്. ഡിസംബർ 12ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അക്രമികൾ ഇരുമ്പ് പൈപ്പ് കൊണ്ടാണ് ഇയാളെ മർദ്ദിച്ചത്. രാജേന്ദ്രന്റെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്. കടയും തല്ലിതകർത്തു.

തെരുവില്‍ കഴിയുന്നവര്‍ നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് രാജേന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. പിറ്റേദിവസം ഇവർ രാജേന്ദ്രന്റെ കടയും പരിസരവും മലിനമാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം രാജേന്ദ്രൻ പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, പരാതിയിൽ ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.തിരഞ്ഞെടുപ്പിന്റെ തിരക്കിട്ട ഡ്യൂട്ടിയാണ് കാരണമായി പൊലീസ് പറയുന്നത്. എന്നാല്‍ മര്‍ദനദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ക്ഷേത്രനടയിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ മാരകായുധങ്ങളുമായി ആക്രമണത്തിന് മുതിരുന്നതായും വ്യാപക പരാതിയുണ്ട്.