താക്കാേലുകൾ സൂക്ഷിക്കുന്നത് എവിടെയാണ്? തോന്നുന്നിടത്ത് വച്ചാൽ ദോഷങ്ങൾ കൂടെക്കൂടും
വീട്, വാഹനങ്ങൾ തുടങ്ങിയവ സുരക്ഷിതമാക്കാൻ അവ പൂട്ടി സൂക്ഷിക്കുകയാണ് പതിവ്. പൂട്ടി സുരക്ഷിതമാക്കിയശേഷം താക്കോലുകൾ തോന്നുംപടി സൂക്ഷിക്കുകയാണ് ഒട്ടുമിക്കവരും ചെയ്യുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നത് ദോഷങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. പോസിറ്റീവ്, നെഗറ്റീവ് ഊർജത്തെ വീട്ടിനുള്ളിൽ എത്തിക്കുന്നതിൽ താക്കോലുകൾക്ക് ചെറുതല്ലാത്ത സ്ഥാനം ഉണ്ടെന്നാണ് അവർ പറയുന്നത്.
താക്കോലുകൾ എളുപ്പത്തിൽ കാണുന്നയിടത്ത് സൂക്ഷിക്കാറാണോ പതിവ്. എന്നാൽ ആ ശീലം ഇനിമുതൽ മാറ്റണം. താക്കാേലുകൾ ഒരിക്കലും ഡ്രോയിംഗ് റൂമിൽ സൂക്ഷിക്കരുത്. പുറത്തുനിന്നുവരുന്ന എല്ലാവരും കാണുന്നതിനാലാണ് ഡ്രോയിംഗ് റൂമിൽ താക്കോൽ സൂക്ഷിക്കരുതെന്ന് പറയുന്നത്.
പൂജാമുറിയിലും അടുക്കളയിലും താക്കോലുകൾ സൂക്ഷിക്കുകയും അരുത്. പരിപാവനമായ വസ്തുക്കളാണ് പൂജാമുറിയിലുണ്ടാവേണ്ടത്. അവിടെ തുരുമ്പെടുത്തതും അഴുക്കുപിടിച്ചതുമായ താക്കോലുകൾ സൂക്ഷിക്കുന്നത് ദോഷങ്ങൾ ഉണ്ടാക്കും. കുടുംബത്തിന്റെ മുഴുവൻ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അടുക്കളയിലും താക്കോലുകൾ സൂക്ഷിക്കരുത്.
ദിക്കുകൾ അടിസ്ഥാനമാക്കിവേണം താക്കോലുകൾ സൂക്ഷിക്കാൻ എന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ചില നിറത്തിലുളള താക്കാേലുകൾ ചില ദിക്കുകളിൽ മാത്രമേ സൂക്ഷിക്കാവൂ. ദിക്കുകളും അവിടെ സൂക്ഷിക്കേണ്ട താക്കാേലുകൾ ഏതൊക്കെയാണെന്നും പരിശോധിക്കാം.
സൂര്യദേവനുമായി ബന്ധപ്പെട്ട ദിശയാണ് കിഴക്ക്. ഈ ദിശയിൽ ഉപയോഗിക്കുന്ന താക്കാേലുകൾ ചുവപ്പ് അല്ലെങ്കിൽ സമാനമായ മറ്റ് നിറങ്ങളുലുള്ളവ ആയിരിക്കണം. ചെമ്പ് കൊണ്ട് നിർമിച്ച പൂട്ടുകളാണ് നല്ലത്. ഇത് നിങ്ങളുടെ വീടിനെ മികച്ച രീതിയിൽ സംരക്ഷിക്കും.
പടിഞ്ഞാറ് ദിശ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഈ ദിശയിൽ ഉപയോഗിക്കേണ്ട ലോക്കുകൾ കറുപ്പ് നിറവും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതുമായിരിക്കണം. ഈ ദിശയിൽ ചെമ്പുകൊണ്ട് നിർമ്മിച്ച പൂട്ടുകൾ ഒരിക്കലും ഉപയോഗിക്കരുത്.വടക്ക് ദിശയിൽ ഉപയോഗിക്കേണ്ടത് പിച്ചളയിൽ നിർമിച്ച പൂട്ടുകളാണ്. മറ്റൊരു ലോഹവും ഈ ദിക്കിൽ ഉപയോഗിക്കരുത്.
തെക്ക്, വടക്ക്കിഴക്ക് ദിശകളിൽ പഞ്ചലോഹങ്ങൾ കൊണ്ട് നിർമ്മിച്ച പൂട്ടുകൾ ഉപയോഗിക്കുക. പൂട്ടുകൾക്ക് ഭാരവും ഉണ്ടായിരിക്കണം. വടക്ക്കിഴക്ക് ദിശയിൽ ഉപയോഗിക്കുന്ന പൂട്ടുകൾക്ക് മഞ്ഞ നിറമാണ് ഏറ്റവും നല്ലത്. പൂട്ടുകൾ വെറും നിലത്ത് വയ്ക്കാതെ തടികൊണ്ട് നിർമ്മിച്ച സ്റ്റാൻഡുകളിൽ വേണം സൂക്ഷിക്കാൻ.