ശ്രീശങ്കരാചാര്യർ കണ്ട നാല് കരങ്ങളോടുകൂടിയ ദേവിയുടെ രൂപത്തിലെ വിഗ്രഹം, ക്ഷേത്രത്തിലെ അറിയാക്കഥകൾ

Sunday 21 December 2025 2:37 PM IST

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം പരശുരാമൻ സ്ഥാപിച്ച ഏഴ് മുക്തി കേന്ദ്രങ്ങളിലൊന്നാണ്. ക്ഷേത്രത്തിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്. മറ്റ് ദേവീക്ഷേത്രങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമായാണ് മൂകാംബികയിലെ ആചാരങ്ങൾ. ക്ഷേത്രത്തെക്കുറിച്ചുള്ള പുരാണമറിയാം.

അസുര ചക്രവർത്തിയായ മഹിഷാസുരൻ ത്രിലോകങ്ങളും കീഴടക്കിയപ്പോൾ സ്ഥാനഭ്രഷ്ടരായ ദേവൻമാർ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് പരമശിവനെയും കൂട്ടി പാലാഴിയിലെത്തി ശ്രീനാരായണനെ അഭയം പ്രാപിച്ചു. ശ്രീനാരായണൻ അരുളിച്ചെയ്തതുപ്രകാരം, പുരുഷന്മാരാൽ നിഗ്രഹിക്കാനാവാത്ത മഹിഷനെ നിഗ്രഹിക്കാൻ കുടജാദ്രിയിലെത്തി കോലമഹർഷിയെയും കൂട്ടി ആദിപരാശക്തിയെ കണ്ട് അപേക്ഷിച്ചു. ഇവരുടെ അപേക്ഷ പ്രകാരം ദേവി മഹിഷാസുരനെ വധിച്ച് തേജോരൂപിണിയായി വാനിൽ തിളങ്ങി നിന്നു. ഈ സമയം ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് ഇന്നുകാണുന്ന ക്ഷേത്ര കേന്ദ്രത്തിൽ ജ്യോതിർമയിയായ ശ്രീചക്രം ഉണ്ടാക്കി ഭൂമിയുടെ രക്ഷാർത്ഥം ദേവിയെ പ്രതിഷ്ഠിച്ചെന്നാണു വിശ്വാസം. ദേവലോകം നശിപ്പിക്കാൻ ശക്തി നേടാനായി കംഹാസുരൻ തപസ് ചെയ്യുന്നതിൽ പരിഭ്രാന്തരായ ദേവന്മാർ ദേവിയെ വീണ്ടും അഭയം പ്രാപിച്ചു. തപസിൽ പ്രീതനായി ബ്രഹ്മാവു പ്രത്യക്ഷപ്പെട്ടപ്പോൾ, കംഹാസുരന്റെ നാവിൽ കുടിയേറിയ ദേവി ഇയാളെ മൂകനാക്കിയത്രേ. മൂകനായ കംഹൻ വരമൊന്നും ചോദിക്കാതെ വന്നപ്പോൾ ബ്രഹ്മാവ് മടങ്ങി. ഇങ്ങനെ കംഹനെ മൂകനാക്കിയതിനാലാണു ദേവിക്ക് മൂകാംബിക എന്ന പേരു വന്നതെന്നാണു വിശ്വാസം. കംഹൻ അതിനുശേഷം മൂകാസുരൻ എന്നും അറിയപ്പെട്ടു. തപോലക്ഷ്യത്തിനു വിഘ്‌നം നേരിട്ടതോടെ കുപിതനായ മൂകാസുരൻ ദേവലോകം ആക്രമിച്ചു. പിന്നീട് ദേവി, എല്ലാ ശക്തിയുമാർജിച്ച ശരീരം ധരിച്ച് മൂകാസുര നിഗ്രഹം നടത്തുകയായിരുന്നു. തുടർന്ന് ത്രിമൂർത്തികൾ ഈ ഭാവത്തിൽ ദേവിയെ കുടിയിരുത്തുകയും ചെയ്തു. ഇങ്ങനെ ത്രിമൂർത്തികൾ പ്രതിഷ്ഠിച്ചതാണത്രേ ഇന്നു കാണുന്ന സകല ദേവതാ സ്വരൂപമായ മൂർത്തീ പ്രതിഷ്ഠ. പിന്നീട്, ശ്രീശങ്കരാചാര്യർ ഇവിടെയെത്തി തപസ് ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹം കണ്ട സ്വരൂപത്തിൽ ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന നാലു കരങ്ങളോടു കൂടിയ വിഗ്രഹം എന്നാണു വിശ്വാസം. അതിനു മുമ്പ് സ്വയംഭൂ ലിംഗം മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ഇന്ന് നിലനിൽക്കുന്ന ആരാധനാ സമ്പ്രദായങ്ങളുമെല്ലാം ശ്രീശങ്കരാചാര്യർ ഉണ്ടാക്കിയതാണത്രേ.