നടി നോറ ഫത്തേഹി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബയ്: മദ്യപിച്ചയാൾ ഓടിച്ച വാഹനം ഇടിച്ച് ബോളിവുഡ് താരം നോറ ഫത്തേഹിയുടെ കാർ അപകടത്തിൽപ്പെട്ടു. മുംബയിൽ നടക്കുന്ന സൺബേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം നടന്നത്. താരം പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നിയന്ത്രണംവിട്ട കാർ നോറയുടെ മെഴ്സിഡസ് ബെൻസിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നടിയെ പ്രാഥമിക ചികിത്സയ്ക്ക് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്കുകളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ചികിത്സയ്‌ക്ക് ശേഷം താരം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സൺബേൺ ഫെസ്റ്റിവലിൽ പെർഫോം ചെയ്യുകയും ചെയ്തു.
അപകടം ഭയാനകമായിരുന്നുവെന്നാണ് നോറ ഫത്തേഹി പിന്നീട് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ പറഞ്ഞത്. അപകടമുണ്ടാക്കിയ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. അശ്രദ്ധമായി മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ മുംബയ് പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. സാധാരണയായി ഗോവയിൽ നടക്കാറുള്ള സൺബേൺ മ്യൂസിക് ഫെസ്റ്റിവൽ ഇത്തവണ മുംബയിലാണ് നടന്നത്. ഡിസംബർ 19ന് ആരംഭിച്ച മൂന്ന് ദിവസത്തെ പരിപാടി ഇന്ന് സമാപിക്കും. 2007ൽ ഗോവയിൽ ആരംഭിച്ച മേള വിവിധ കാരണങ്ങളാൽ ഇത്തവണ മുംബയിലേക്ക് മാറ്റുകയായിരുന്നു.