കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു

Sunday 21 December 2025 3:49 PM IST

കോഴിക്കോട്: മൂന്നാലിങ്കലിൽ പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. മൂന്നാലിങ്കൽ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം നടന്നത്. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. പിതാവ് അബൂബക്കർ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മജ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിക്കടിമയായ മകൻ നിരന്തരം ആക്രമിക്കുന്നതിനെ തുടർന്നാണ് കുത്തിയതെന്നാണ് പിതാവ് പൊലീസിൽ മൊഴി നൽകിയത്. മകൻ നിരന്തരം പ്രശ്നമുണ്ടാക്കുന്നതിനെതിരെ അബൂബക്കർ മുൻപും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മകൻ ആക്രമിക്കാൻ എത്തിയപ്പോൾ പ്രതിരോധിക്കുന്നതിനിടെ കുത്തിയതാണെന്നാണ് വിവരം. അറാഫത്തിന്റെ വയറിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.