പ്രണയബന്ധം എതിർത്തു; കാമുകൻ പിതാവിനെ കൊല്ലുന്നത് നോക്കി നിന്ന് പതിനേഴുകാരി

Sunday 21 December 2025 6:02 PM IST

വഡോദര: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി. ഗുജറാത്തിലെ വഡോദരയിലെ പാദഗ്രാമത്തിലാണ് സംഭവം. തന്നെ മുറിയിൽ പൂട്ടിയിടുന്നതിന്റെ വൈരാഗ്യത്തിൽ മൂന്നുമാസമായി പിതാവ് ഷാനാ ചൗദയെ കൊല്ലാൻ കാമുകനുമായി ചേർന്ന് പെൺകുട്ടി ആസൂത്രണം നടത്തുകയായിരുന്നു.

സംഭവദിവസം രാത്രി ഉറക്ക ഗുളിക ഭക്ഷണത്തിൽ കലർത്തി പെൺകുട്ടി മാതാപിതാക്കളെ മയക്കികിടത്തി. ശേഷം കാമുകനെയും അയാളുടെ സുഹൃത്തിനെയും അവിടേക്ക് വിളിച്ചുവരുത്തി. ഷാനാ ചൗദയെ നിരവധി തവണ പെൺകുട്ടിയുടെ കാമുകനായ രഞ്ജിത്ത് കുത്തി. ഇതേ സമയം പെൺകുട്ടിയുടെ അമ്മ സമീപത്ത് മയങ്ങികിടക്കുകയായിരുന്നു. എന്നാൽ പിതാവിനെ കൊല്ലുന്നത് പെൺകുട്ടി ജനൽ വഴി കാണുന്നുണ്ടായിരുന്നു.

ജൂലായിൽ പെൺകുട്ടി രഞ്ജിത്തിനൊപ്പം ഒളിച്ചോടിയതിനാൽ പിതാവ് ഷാന ചൗദ കാമുകനെതിരെ പോക്‌സോ കേസിൽ പരാതി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയാണ് കൊല നടത്തിയത്. ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. കൊല്ലപ്പെട്ടയാളുടെ സഹോദരൻ മോത്തിയാണ് രഞ്ജിത്തിനെതിരെ സംശയം പ്രകടിപ്പിച്ചത്. രണ്ടാഴ്‌ച മുൻപും പെൺകുട്ടിയെ കണ്ടതിന് ശേഷം രഞ്ജിത്ത് തന്റെ സഹോദരനുമായി വഴക്കിട്ടിരുന്നെന്നും കല്ല്യാണം നടത്തി കൊടുത്തില്ലെങ്കിൽ കുടുംബത്തിലുള്ളവരെ കൊല്ലാൻ മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും മോത്തി ആരോപിച്ചു. സംഭവത്തിൽ പെൺകുട്ടി, കാമുകൻ രഞ്ജിത്ത് വഗേല, അയാളുടെ സുഹൃത്ത് ഭവ്യ ശ്രീവാസ്‌തവ എന്നിവരെ പ്രതികളാക്കി കേസ് രജിസ്‌റ്റർ ചെയ്‌തു.