വാളയാർ ആൾക്കൂട്ട കൊലപാതകം: 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം,​ ഇല്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാംനാരായണിന്റെ കുടുംബം

Sunday 21 December 2025 7:27 PM IST

പാലക്കാട് : വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ‌ഛത്തിസ്ഗഢ് സ്വദേശി രാംനാരായൺ വയ്യാറിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. മരിച്ച രാംനാരായണിന്റെ രണ്ച് മക്കൾക്കുമായി 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ഇല്ലെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.

രാംനാരായണനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചതാണെന്നും അതിനാൽ സംഭവത്തിൽ ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. തെഹ്സിൻ പൂനാവാല കേസിലെ സുപ്രീംകോടതി വിധി പ്രകാരം കേസ് അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി . സംഭവത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ തങ്ങൾക്ക് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ വഴിതെ​റ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. ഭാഷയും വശമുണ്ടായിരുന്നില്ല. മാത്രമല്ല മൂന്നുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചുപോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവച്ചു. ചോദ്യം ചെയ്തെങ്കിലും ഭാഷ അറിയാത്തതിനാൽ മറുപടി നൽകാനായില്ല. ഇതോടെയാണ് മർദനം തുടങ്ങിയത്. ചോരതുപ്പി നിലത്തുവീണിട്ടും മർദനം തുടരുകയായിരുന്നു. മർദ്ദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിന് ശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുംവഴി പുതുശേരിയിലെത്തിയതോടെ അവശനായി,​. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു,​ സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളിക്കാട് സ്വദേശികളായ അഞ്ചുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.