പച്ചക്കറിക്കടയിൽ മോഷണശ്രമം: ഒരാൾ പിടിയിൽ, മൂന്നുപേർ രക്ഷപ്പെട്ടു

Monday 22 December 2025 1:41 AM IST

ആലുവ: പച്ചക്കറി കടയിൽനിന്ന് തേങ്ങയും പച്ചക്കറികളും മോഷ്ടിക്കാൻ ശ്രമിച്ച നാലംഗ സംഘത്തിൽപ്പെട്ട കൗമാരക്കാരൻ പിടിയിൽ. ആലുവ എസ്.പി ഓഫീസിന് സമീപം പട്ടേരിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലാണ് കഴിഞ്ഞ രാത്രി മോഷണശ്രമം നടന്നത്. ശബ്ദംകേട്ട് കടയിലെ അന്യസംസ്ഥാനക്കാരായ ജീവനക്കാർ ഉറക്കമുണർന്നതോടെ സംഘം ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിനിടയിൽ ഒരു മോഷ്ടാവിന്റെ ബൈക്കിലെ ഇന്ധനം തീർന്നതോടെ ജീവനക്കാർ ഇയാളെപിടികൂടി. തൃശൂർ സ്വദേശിയായ 15കാരനാണ് പിടിയിലായത്. ഇയാളെ ആലുവ പൊലീസിൽ ഏൽപ്പിച്ചു.

മോഷണത്തിനിടെ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ പ്രയോഗിക്കാനുള്ള സ്പ്രേയും സംഘം കരുതിയിരുന്നു. ജീവനക്കാർ ഉണർന്നതോടെ വേഗത്തിൽ പുറത്ത് കടക്കുന്നതിനിടെ സ്പ്രേബോട്ടിൽ കടയിൽവീണു. ഇതും കടഉടമ പൊലീസിന് കൈമാറി.