നക്ഷത്ര രാത്രികൾ !

Monday 22 December 2025 5:07 AM IST

മണ്ണിലും വിണ്ണിലും സമാധാന സന്ദേശവുമായി വീണ്ടും ഒരു ക്രിസ്‌മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നഗരങ്ങൾ നക്ഷത്രദീപങ്ങളാൽ അണിഞ്ഞൊരുങ്ങി. ഓരോ ക്രിസ്‌മസ് കാലം വന്നെത്തുമ്പോഴും അതിന് പിന്നിലെ കൗതുകകരമായ കാഴ്ചകളിലേക്കും ലോകം മിഴിതുറക്കുകയാണ്. ട്രീ മുതൽ സാന്താക്ലോസ് വരെ നീളുന്നു ക്രിസ്മസിനെ ആഘോഷമാക്കുന്ന ഘടകങ്ങൾ.

 തിളങ്ങുന്ന മരങ്ങൾ

ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് അലങ്കാരവസ്തുക്കളാൽ സുന്ദരമായ ക്രിസ്മസ് ട്രീകൾ. വടക്കൻ യൂറോപ്പിലാണ് ക്രിസ്മസ് ട്രീയുടെ ഉത്ഭവം എന്ന് കരുതുന്നു. ക്രിസ്മസ് ട്രീയുടെ ഉത്ഭവത്തെപറ്റി നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ഏകദേശം 2000 വർഷത്തോളം പഴക്കം ക്രിസ്മസ് ട്രീയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. 1500 - 1600 കാലഘട്ടത്തിൽ ലാത്വിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്രിസ്മസ് ട്രീ ഉടലെടുക്കുകയും പിന്നീടത് ജർമനിയിലേക്ക് വ്യാപിക്കുകയുമായിരുന്നു. 1840കളിൽ വിക്ടോറിയ രാജ്ഞിയുടെ ഭർത്താവായ പ്രിൻസ് ആൽബർട്ട് ഇംഗ്ലണ്ടിലേക്ക് ക്രിസ്മസ് ട്രീയെ എത്തിച്ചു. രാജകുടുംബാംഗങ്ങൾ ക്രിസ്മസ് ട്രീയെ ഏറ്റെടുത്തതോടെ അത് അമേരിക്കയിലേക്കും വ്യാപകമായി.

 ജിംഗിൾ ബെൽസ്..

ക്രിസ്മസ് സീസണെത്തുമ്പോൾ ആദ്യം മുഴങ്ങുന്നത് 1853നും 57നും ഇടയ്ക്ക് രചിക്കപ്പെട്ട ജിംഗിൾ ബെൽസ്.. ജിംഗിൾ ബെൽസ്.. എന്ന ഗാനമാണ്. ലോകത്ത് ഏറ്റവും അധികം ആലപിക്കപ്പെടുന്ന ക്രിസ്മസ് ഗാനം ജിംഗിൾ ബെൽസ് ആണ്. അമേരിക്കയാണ് ജിംഗിൾ ബെൽസിന്റെ ഉത്ഭവസ്ഥാനം. ജെയിംസ് ലോർഡ് പിയർപോണ്ടാണ് ഇതിന്റെ വരികൾ രചിച്ചത്. 1857ൽ ' വൺ ഹോഴ്സ് ഓപ്പൺ സ്ലെയ് ' എന്ന പേരിലാണ് ഈ പാട്ട് ആദ്യമായി പുറത്തിറങ്ങിയത്. ബഹിരാകാശത്ത് നിന്നും ആദ്യമായി ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്ന ഗാനവും ജിംഗിൾ ബെൽസാണ്. 1965 ഡിസംബർ 16ന് അമേരിക്കയുടെ ജെമിനി - 6ൽ നിന്നും ടോം സ്റ്റാഫോർഡ്, വാലി ഷിറ എന്നീ സഞ്ചാരികൾ ചേർന്നാണ് ജിംഗിൾബെൽസ് ആലപിച്ചത്.

 സ്വന്തം സാന്താ...

സാന്താക്ലോസ് ഇല്ലാതെ എന്ത് ക്രിസ്മസ്. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയങ്കരനാണ് സാന്താ. സമ്മാനപൊതികളുമായി എത്തുന്ന സാന്താ ക്ലോസിന്റെ ഉത്ഭവത്തെപറ്റി നിരവധി കഥകൾ പ്രചാരത്തിലുണ്ട്. എട്ട് റെയിൻഡീറുകൾ വലിക്കുന്ന വാഹനത്തിൽ ലോകം ചുറ്റി കുട്ടികൾക്ക് സമ്മാനങ്ങൾ എത്തിക്കുന്ന സാന്താ അപ്പുപ്പൻ സെന്റ് നിക്കോളാസ് ആണെന്നും ഐതിഹ്യമുണ്ട്. ദരിദ്രരെയും കുട്ടികളെയും സ്നേഹിച്ചിരുന്ന നിക്കോളാസ് പാവപ്പെട്ട കുട്ടികൾക്ക് അവരറിയാതെ ക്രിസ്മസ് സമ്മാനങ്ങൾ നൽകിയിരുന്നു. ചുവന്ന കുപ്പായം ധരിച്ച് അപ്പുപ്പൻ താടി പോലുള്ള നരച്ച താടിയും മുടിയും ഉള്ള തടിച്ച സാന്താ അപ്പുപ്പൻ വീടിന്റെ ചിമ്മിനിയിലൂടെ സമ്മാനപൊതികൾ നിക്ഷേപിക്കുമെന്നാണ് ഐതിഹ്യം. ഉത്തരധ്രുവത്തിലാണ് സാന്താക്ലോസിന്റെ താമസമെന്നാണ് കഥകൾ.

 എല്ലാവർക്കും ആശംസ...

1843ൽ സർ ഹെൻറി കോൾ ആണ് ഇംഗ്ലണ്ടിൽ ആദ്യമായി ക്രിസ്മസ് കാർഡ് എന്ന ആശയം കൊണ്ടുവന്നത്. സുഹൃത്തും ചിത്രകാരനുമായ ജോൺ ഹോർസ്‌യുമായി ചേർന്നാണ് ഹെൻറി ക്രിസ്മസ് കാർഡിന് രൂപം നൽകിയത്. 1849കളിൽ ക്രിസ്മസ് കാർഡിന് അമേരിക്കയിലും പ്രചാരമേറി. ആദ്യകാലങ്ങളിൽ സമ്പന്നരായിരുന്നു കാർഡ് ഉപയോഗിച്ചിരുന്നത്. 1915ൽ അമേരിക്കക്കാരനായ ജോൺ സി. ഹാളും രണ്ട് സഹോദരൻമാരും ചേർന്ന് ഹാൾമാർക്ക് കാർഡ്സ് എന്ന ഗ്രീറ്റിംഗ് കാർഡ് കമ്പനി സ്ഥാപിച്ചു. ഇന്നും ലോകത്തെ ഏറ്റവും വലിയ ക്രിസ്മസ് കാർഡ് നിർമാതാക്കളിൽ ഒന്നാണ് ഹാൾമാർക്ക്.

 മധുരിക്കും ഓർമ്മകൾ

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ക്രിസ്മസ് കേക്ക്. നമ്മുടെ നാട്ടിലും ക്രിസ്മസ് എത്തിയാൽ പ്ലം കേക്കുകൾ വിപണിയിലെ താരങ്ങളാണ്. 16ാം നൂറ്റാണ്ടിന് മുന്നേ ക്രിസ്മസ് കേക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു. പ്ലമ്മിൽ തുടങ്ങി പിന്നീട് ഓട്സ്, വെണ്ണ തുടങ്ങിയ വിവിധ പദാർത്ഥങ്ങളും ക്രിസ്മസ് കേക്കിൽ ഇടംനേടി. പഴയ കാല ക്ലാസിക് ഫ്രൂട്ട് കേക്കിൽ നിന്ന് നിരവധി മാറ്റങ്ങൾ ക്രീം ചേർത്തതും അല്ലാത്തതുമായ ഇന്നത്തെ ക്രിസ്മസ് കേക്കിൽ പ്രകടമാണ്.

 പ്രിയപ്പെട്ട റുഡോൾഫ്

റുഡോൾഫ് എന്ന സാങ്കല്പിക കഥാപാത്രത്തിന് രൂപം നൽകിയത് റോബർട്ട് ലൂയിസ് മേയാണ്. അദ്ദേഹത്തിന്റെ ' റുഡോൾഫ് ദ റെഡ് നോസ്ഡ് റെയ്ൻഡീർ ' എന്ന കൃതിയിലാണ് ഈ മാൻ കുട്ടി പ്രത്യക്ഷപ്പെടുന്നത്. സാന്താ ക്ലോസ് അപ്പുപ്പന്റെ വാഹനം വലിച്ച് നീങ്ങുന്ന റെയിൻഡീറുകളിൽ ഒമ്പതാമത്തേതും ഏറ്റവും ചെറുതുമാണ് റുഡോൾഫ്. റുഡോൾഫിന്റെ തിളങ്ങുന്ന ചുവന്ന മൂക്കാണ് സാന്താ ക്ലോസിന്റെ വാഹനത്തിനെ നയിക്കുന്നത്. മൂക്കിന്റെ പേരിൽ റുഡോൾഫിനെ മറ്റ് റെയിൻഡീറുകൾ ആദ്യം കളിയാക്കുമെങ്കിലും പിന്നീട് റുഡോൾഫിന്റെ ഈ തിളങ്ങുന്ന മൂക്കാണ് അതിശൈത്യത്തെ കീറിമുറിച്ച് കൊണ്ട് സാന്തയുടെ യാത്രയ്ക്ക് വഴിയൊരുക്കുന്നത്. 1939ലാണ് റുഡോൾഫിന്റെ കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.

 ഫിൻലൻഡിലേക്ക് പോകാം

മഞ്ഞ് മൂടിയ മനോഹരമായ പ്രദേശങ്ങളും തടാകങ്ങളും രാത്രികാലങ്ങളിൽ ആകാശത്ത് പച്ചയും നീലയും ചുവപ്പും നിറത്തിൽ കണ്ണിന് വിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സും അടക്കം നിരവധി അത്ഭുതകാഴ്ചകളുടെ ഭൂമിയാണ് ഫിൻലൻഡ്. ഫിൻലൻഡിലെ ലാപ്‌ലൻഡിലുള്ള റൊവാനിമിയിലെ സാന്താക്ലോസ് വില്ലേജ് ' സാന്താക്ലോസിന്റെ നാട് " എന്നാണ് അറിയപ്പെടുന്നത്. ക്രിസ്മസ് സീസണെത്തിയാൽ അതിമനോഹരമായ ആഘോഷമാണ് ഇവിടെ നടക്കുന്നത്.