തിരുവനന്തപുരത്ത് മിന്നല്‍ നീക്കവുമായി സിപിഎം; മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിത 'വെല്ലുവിളി'

Sunday 21 December 2025 10:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് അപ്രതീക്ഷിത വെല്ലുവിളി. മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇപ്പോള്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. 101 വാര്‍ഡുകളില്‍ വെറും 29 ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചതെങ്കിലും ഒറ്റയ്ക്ക് മേയറെ വിജയിപ്പിക്കാന്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് ആര്‍.പി ശിവജിയെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായി.

പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ നിന്ന് വിജയിച്ചാണ് മുന്‍ വിളപ്പില്‍ ഏര്യ സെക്രട്ടറി ആര്‍.പി ശിവജി നഗരസഭാ കൗണ്‍സിലറായത്. മത്സരിക്കാതിരുന്നാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 100 വാര്‍ഡുകളിലാണ് തിരുവനന്തപുരം നഗരസഭയില്‍ തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 50 സീറ്റുകളുള്ള ബിജെപിയാണ് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

സിപിഎമ്മിന് 29 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് വിജയിച്ചത്. ഇവരെല്ലാം കൂടി ചേരുമ്പോള്‍ അത് 50 വോട്ടായി മാറും. എന്നാല്‍ സ്വതന്ത്രരുടെ നിലപാട് എന്തെന്നത് നിര്‍ണായകമാകും. അതുപോലെ തന്നെ വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പും പ്രധാനമായി മാറും മുന്നണികള്‍ക്ക്.

അതേസമയം, ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് കീട്ടിയ തലസ്ഥാന കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ ഡിസംബര്‍ 26ന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതുവരെ കുറച്ച് സസ്‌പെന്‍സ് ഇരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ആര്‍ ശ്രീലേഖ, വിവി രാജേഷ്, കരമന അജിത് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിമി ജ്യോതിഷിന്റെ പേരിനാണ് ബിജെപിയില്‍ മുന്‍തൂക്കം, ആശാനാഥിന്റെ പേരും പരിഗണനയിലുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയത് ചരിത്രനിമിഷാണ്. നഗരത്തിന്റെ വികസനത്തിനായി ബി.ജെ.പി വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അധികാരമേറ്റ് 45 ദിവസത്തിനകം തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് പുറത്തിറക്കും. ഈ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.