ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ പള്ളിപ്പാട് പ്ലാന്റിൽ വൻ തീപിടിത്തം
ഹരിപ്പാട്: ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ പള്ളിപ്പാട്ടുള്ള കുടിവെള്ള പ്ലാന്റിൽ വൻ തീപിടിത്തം. ഹരിപ്പാട് നഗരത്തിലും മണ്ഡലത്തിലെ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാനുള്ള പ്ലാന്റാണ് അഗ്നിക്കിരയായത്. നിർമ്മാണം പൂർത്തിയായ പ്ലാന്റിൽ ഇന്നലെ രണ്ടുമണിയോടെയായിരുന്നു തീപിടിത്തം. കെട്ടിടത്തിലേക്കും ടാങ്കിലേക്കും തീ പടർന്നു. പ്രദേശമാകെ പുക പരന്നത് പരിഭ്രന്തി പരത്തി. കുടിവെള്ള പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ പൂർണമായും കത്തി നശിച്ചു.ജലസംഭരണി ഉൾപ്പടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ അടി ഭാഗത്താണ് പൈപ്പുകൾ കൂട്ടിയിട്ടിരുന്നത്.
ഹരിപ്പാട് നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. തുടർന്ന് മാവേലിക്കര, കായംകുളം ഫയർസ്റ്റേഷനുകളിലെ യൂണിറ്റുകൾ കൂടി എത്തിയാണ് നാലുമണിയോടെ തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.നഷ്ടം കണക്കാക്കിയിട്ടില്ല.
കത്തിയത് 28 കോടിയുടെ പദ്ധതി
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 28 കോടി രൂപ മുടക്കി നിർമ്മിച്ച 50 എം.എൽഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയിലാണ് കത്തിനശിച്ചത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഇവിടെ ജലശുദ്ധീകരണ ശാലയ്ക്ക് സമീപം 14 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണി 4.76 കോടി രൂപ ചെലവിൽ നിർമ്മിച്ചിരുന്നു. കുടിവെള്ള പദ്ധതി ഇഴഞ്ഞു നീങ്ങുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് തീപിടിത്തവുമുണ്ടായത്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഹരിപ്പാട് നഗരസഭയിലേയും 10 പഞ്ചായത്തുകളിലെയും വിതരണ ശ്യംഖല സ്ഥാപിക്കേണ്ട പ്രവൃത്തികൾ നടന്നു വരികയാണ്.