"പ്രൗഢി ഒട്ടും ചോരാതെ" വള്ളത്തോൾ നഗറിലെ പഞ്ചായത്ത് ഭരണം
ചെറുതുരുത്തി: ഇരുവശവും നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മാവ്. പഴയ തറവാട് വീട്. വലിയ മരങ്ങൾ കൊണ്ടുള്ള മച്ച്, മര ഗോവണി, കൂറ്റൻ വാതിൽ, ജനൽ, വിസ്താരമുള്ള ഒട്ടനേകം മുറികൾ, വരാന്തകൾ. മൂന്നേക്കറിലെ ഈ കെട്ടിടം കണ്ടാൽ ആദ്യം ഓർമ്മ വരിക ഒരു മ്യൂസിയമാകും. എന്നാൽ പുതിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ കാത്തിരിക്കുന്ന വള്ളത്തോൾ നഗർ പഞ്ചായത്ത് കെട്ടിടമാണ് ഇത്.
പഞ്ചായത്തിന്റെ ഭരണസമിതി ഉൾപ്പെടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്ന ഇടം. എല്ലാ പഞ്ചായത്തുകളും പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോഴും പഴയ കെട്ടിടത്തിന്റെ പെരുമയിൽ തലയുയർത്തി നിൽക്കുകയാണ് കൊളാടി തറവാടെന്ന ഈ കെട്ടിടം. തറയിൽ ടൈൽ വിരിച്ചു, പൊട്ടിയ ഓടുൾപ്പെടെ മാറ്റി, അങ്ങനെ അല്ലറ ചില്ലറ പണികൾ... പഴമ ഒട്ടും ചോരാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു ഈ കെട്ടിടം. ഇടയ്ക്ക് കൃഷി ഭവനും കുടുംബശ്രീ ഓഫീസിനുമായി അനുബന്ധമായി പുതിയ കെട്ടിടങ്ങൾ പണിതു. ഈ കെട്ടിടത്തിന്റെ പ്രൗഢിക്ക് ഭംഗം വരാതെ. ചുറ്രുവട്ടത്തെ പഴക്കമുള്ള ചില മരങ്ങളും മുറിച്ചുമാറ്റി. സ്വന്തമായി കെട്ടിടം വേണമെന്ന ആഗ്രഹത്താലാണ് അന്നത്തെ കൊളാടി തറവാടായിരുന്ന കെട്ടിടവും അതിനോട് ചേർന്നുള്ള മൂന്നേക്കറും വില കൊടുത്ത് വാങ്ങിയത്.
വാങ്ങിയത് 1.25 ലക്ഷത്തിന്
1973 മുതൽ 1984 വരെ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന ടി.ആർ.നായരും അന്നത്തെ ചേലക്കര എം.എൽ.എയായിരുന്ന കെ.കെ.ബാലകൃഷ്ണനും ചേർന്ന് ഏകദേശം ഒന്നേകാൽ ലക്ഷം ചെലവഴിച്ചാണ് കെട്ടിടം വാങ്ങിയത്. അതുവരെ താത്കാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ഇപ്പോൾ പഞ്ചായത്ത് കോമ്പൗണ്ടിൽ ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, കൃഷിഭവൻ, വയോജന വിശ്രമ കേന്ദ്രം, മൃഗാശുപത്രി, വനിതാ ലോഡ്ജ്, പകൽവീട്, കുടുംബശ്രീ പരിശീലന കേന്ദ്രം തുടങ്ങിയ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്നു.