അഭിഭാഷകൻ എം.എൽ. ശർമ്മ അന്തരിച്ചു

Monday 22 December 2025 12:53 AM IST

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾക്കായി ഹാജരായി വാർത്തകളിൽ ഇടം നേടിയ, പിന്നീട് നിരവധി പൊതുതാത്‌പര്യ ഹർജികളിലൂടെ ശ്രദ്ധേയനായ സുപ്രീംകോടതി അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. യു.പി.എ സർക്കാരിനെ പ്രതിരോധത്തിലാക്കിയ കൽക്കരിപ്പാടം അഴിമതി കേസ് അടക്കം നിരവധി പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്തു. അതേസമയം എൻ.ഡി.എ സർക്കാരിനെതിരെ 370-ാം വകുപ്പ് റദ്ദാക്കൽ, പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ, റഫാൽ യുദ്ധ വിമാന ഇടപാട് തുടങ്ങിയ വിഷയങ്ങളിലും മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരായി ഉയർന്ന ലൈംഗിക ആരോപണത്തിലും അടക്കം അദ്ദേഹം ഹർജികളുമായി വന്നു. മുംബയിൽ നിന്ന് നിയമ ബിരുദം നേടിയ ശർമ്മ ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് 1991 ൽ അലഹബാദ് ഹൈക്കോടതിയിലാണ് ആദ്യ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. അനാവശ്യമായി പൊതുതാത്പര്യ ഹർജികൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി പല തവണ അദ്ദേഹത്തിനെതിരെ സുപ്രീകോടതി വൻ തുക പിഴ വിധിച്ചിട്ടുണ്ട്.