പ്രഭയിൽ വിളങ്ങുന്ന ഈശ്വരസ്വരൂപം

Monday 22 December 2025 12:12 AM IST

ഇതാകട്ടെ,​ ഇവിടത്തെ ദൈവം,​ സത്യം,​ ധർമ്മം,​ ദയ,​ ശാന്തി!- തിരുവനന്തപുരം ജില്ലയിൽ,​ ചിറയിൻകീഴ് മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്ര ശ്രീകോവിലിൽ ദൈവസ്വരൂപമായി പ്രഭ പ്രതിഷ്ഠിച്ചുകൊണ്ട് ശ്രീനാരായണ ഗുരുദേവൻ അരുളിയ വാക്കുകളാണ് ഇത്. 1921-ൽ (കൊല്ല വർഷം 1097)​ ധനുമാസം എട്ടിന് ഉത്രം നക്ഷത്രത്തിലായിരുന്നു ചരിത്രപരമായ ഈ ആദർശപ്രതിഷ്ഠ. മനസിനെ ഏകാഗ്രമാക്കുവാൻ ദേവതാ പ്രതിഷ്ഠകളാണ് ആചാര്യന്മാർ സാധാരണ നിർവഹിക്കുന്നതെങ്കിൽ ഇവിടെ ഗുരു ഒരു പടികൂടി കടന്ന് ഈശ്വരന്റെ സ്വരൂപദർശന മഹിമാവിലേക്കും ജീവിതവിശുദ്ധിയിലേക്കുമാണ് സമൂഹത്തെ നയിച്ചത്.

മുരുക്കുംപുഴയിൽ ജന്തുബലിയും കുരുതിയും നടന്നിരുന്ന കാളീക്ഷേത്രം ഇരുന്ന സ്ഥലത്താണ് ഗുരുദേവൻ ഈ പ്രതിഷ്ഠ നടത്തിയത്. പാണൂർ കുടുംബനാഥനും ഞാറുംമൂട്ടിൽ ഗോവിന്ദനും ചേർന്നാണ് ഗുരുദേവനെ ക്ഷണിച്ചു കൊണ്ടുവന്നത്. ക്ഷേത്രത്തിൽ ശിവആരാധനയ്ക്കായി ശിവലിംഗം പ്രതിഷ്ഠിക്കുവാനാണ് നാട്ടുകാർ ആഗ്രഹിച്ചിരുന്നതെങ്കിലും,​ ദേവീദേവ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നതിൽ നിന്ന് അവിടുന്ന് വിരമിക്കുകയും ജനതയെ ഉദ്ബുദ്ധരാക്കാൻ കഴിയുന്ന മഹത്തായ ആശയങ്ങളും പ്രതീകങ്ങളും പ്രതിഷ്ഠിക്കുകയുമാണ് ചെയ്തത്.

സത്യം,​ ധർമ്മം,​ ദയ,​ ശാന്തി

ഗുരു കളവംകോടത്ത് കണ്ണാടിയിലെ രസം ചുരണ്ടി 'ഓം ശാന്തി" എന്ന് എഴുതി പ്രതിഷ്ഠിക്കുകയും,​ തൃശൂർ കാരമുക്കിൽ ദീപപ്രതിഷ്ഠ നടത്തുകയും,​ ഉല്ലലയിൽ കണ്ണാടിയിൽ പ്രണവം പ്രതിഷ്ഠിക്കുകയും ചെയ്തു. ദേവീദേവ വിഗ്രഹങ്ങൾക്കു പകരം ഈശ്വരന്റെ സ്വരൂപ ലക്ഷണമായ സത്യത്തെയും,​ മനുഷ്യമനസിനെ നന്മയിലേക്ക് നയിക്കുന്ന ധർമ്മത്തെയും,​ ഉയർന്ന ജീവിതമൂല്യമായ ദയയേയും,​ അതിന്റെയെല്ലാം സദ്ലമായി ജീവിതത്തിലുടനീളം അനുഭവിക്കാൻ കഴിയുന്ന ശാന്തിയേയും ഈ പ്രതിഷ്ഠ വിളിച്ചോതുന്നു.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചേർന്ന് സമൂഹത്തിലും മനുഷ്യമനസിലും കാടുംപടലും തീർത്തപ്പോൾ അവയെല്ലാം വെട്ടിനീക്കി സാത്വിക ആരാധനയ്ക്ക് ഉപയുക്തമായ ക്ഷേത്രങ്ങളും അവയോടനുബന്ധിച്ച് വിദ്യാലയങ്ങളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയുമാണ് ഗുരു ചെയ്തത്. പരമമായ പ്രകാശം അകം വിളങ്ങുവാനും, അറിവുകൊണ്ടും സംഘടനാശക്തികൊണ്ടും അവശതകളെ മറികടക്കുവാനും

ഗുരുദേവൻ സമൂഹത്തെ ശീലിപ്പിച്ചു.

കാലത്തെ ഗുരു

വഴിനടത്തി

'ദൈവദശക"ത്തിലൂടെ അകവും പുറവും തിങ്ങുന്ന മഹിമാവാർന്ന ഈശ്വരസ്വരൂപത്തെ ഗുരു വ്യക്തമാക്കുന്നുണ്ട്. ഈശ്വരൻ എന്നത് ദൂരെ ഏതോ ലോകത്തിരുന്ന് ശിക്ഷാരക്ഷകൾ ചെയ്തുകൊണ്ട് എവരെയും ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും,​ നമ്മളിൽത്തന്നെ നാമായ് പ്രകാശിക്കുന്ന ആത്മചൈതന്യമാണെന്നും,​ നാം കണ്ടനുഭവിക്കുന്ന സമസ്തപ്രപഞ്ചവും ആ ഈശ്വരസത്തയിൽ നിന്ന് ഭിന്നമല്ലെന്നും ഉള്ള അദ്വൈതബോധത്തിലേക്കാണ് വിപ്ലവകരമായ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഗുരു കാലത്തെ വഴിനടത്തിയത്.

ഇരുളടഞ്ഞ്,​ വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾകൊണ്ട് എന്താണ് പ്രയോജനമെന്നാണ് ഗുരു ചോദിച്ചത്. ക്ഷേത്രങ്ങൾ പഴയ സമ്പ്രദായത്തിൽ വളരെ പണം ചെലവുചെയ്ത് ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും,​ ഉത്സവത്തിനും കരിമരുന്നിനും പണം ചെലവഴിക്കരുതെന്നും,​ ക്ഷേത്രങ്ങളിൽ ജനങ്ങൾക്ക് സുഗമമായി വന്നിരിക്കുവാനും പ്രസംഗിക്കുവാനും ഉപയുക്തമായ രീതിയിലുളള വിശാലമായ മുറികളാണ് വേണ്ടതെന്നും ഗുരു ബോദ്ധ്യപ്പെടുത്തി. എല്ലാ ക്ഷേത്രങ്ങളോടു ചേർന്നും വിദ്യാലയങ്ങൾ ഉണ്ടായിരിക്കണമെന്നും,​ കുട്ടികളെ പലതരം വ്യവസായങ്ങൾ ശീലിപ്പിക്കുവാൻ ഏർപ്പാടുകൾ ഉണ്ടായിരിക്കണമെന്നും ഗുരു നിഷ്കർഷിച്ചതിലെ ദീർഘവീക്ഷണം ഇന്ന് ആലോചിക്കുമ്പോൾപ്പോലും അദ്ഭുതകരമല്ലേ?​

നവീന ക്ഷേത്ര

സങ്കല്പം

വിശ്വാസപ്രമാണങ്ങളുടെയും ആചാര- അനുഷ്ഠാന- സമ്പ്രദായങ്ങളുടെയും പിടിയിൽ നിന്നു മുക്തമായ ഏറ്റവും ആധുനികമായ നവീന ക്ഷേത്രസങ്കല്പമാണ് ഗുരുദേവൻ മുന്നോട്ടുവച്ചത്. കാലഘട്ടത്തിന്റെ അനിവാര്യതയെ കൂടുതൽ ഉൾകൊള്ളുവാനും,​ ആധുനിക സമൂഹത്തെ കൂടുതൽ ആകർഷിക്കുവാനും,​ സത്യം,​ ധർമ്മം,​ ദയ തുടങ്ങിയ സനാതന മൂല്യങ്ങളുടെ പ്രസക്തിയെ ജനഹൃദയങ്ങളിൽ ഉറപ്പിക്കുവാനുമാണ് ഗുരു ശ്രമിച്ചത്. അനാവശ്യ ആർഭാടങ്ങളും ആഘോഷങ്ങളും ധൂർത്തുകളും ഒഴിവാക്കിക്കൊണ്ട്,​ അതിനായി ചെലവിടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും ഗുരു എന്നേ പറഞ്ഞുകഴിഞ്ഞതാണ്.

അവനവന്റെ ആത്മസത്തയെ അറിയുക എന്നതിൽ കവിഞ്ഞ് ആഗ്രഹങ്ങളെ സാധിക്കുവാനുളള ഉപായമായി ഭക്തിയെയും ക്ഷേത്രങ്ങളെയും സമീപിക്കുമ്പോഴാണ് അവ അശാസ്ത്രീയവും യുക്തിരഹിതവുമായ വിശ്വാസ സംഹിതകളുടെ വിളനിലമായിത്തീരുന്നത്. ആരാധനാ കേന്ദ്രംകൊണ്ട് സമൂഹത്തിന്റെ സർവതോമുഖമായ വികസനം കൂടി സാദ്ധ്യമാകുന്ന തരത്തിൽ ഗുരു ഇതിനെയെല്ലാം നിഷേധിക്കാതെ തന്നെ ഉടച്ചുവാർക്കുന്നതു കാണാം. മതങ്ങൾ മതങ്ങൾക്കുവേണ്ടിയും ക്ഷേത്രങ്ങൾ ക്ഷേത്രങ്ങൾക്കുവേണ്ടിയും നിലകൊള്ളാതെ അവയെല്ലാം മനുഷ്യർക്കു വേണ്ടിയും മനുഷ്യനന്മയ്ക്കു വേണ്ടിയും നിലകൊള്ളട്ടെ എന്ന് ഗുരു സങ്കല്പിച്ചു.

ഉത്തമർ

പിറക്കട്ടെ!

ഈശ്വരന്റെ സത്യസ്വരൂപത്തെ അറിഞ്ഞ് ഹൃദയം പ്രകാശപൂർണമാക്കുകയും ഭൗതിക പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്യുമ്പോൾ ഇഹപര സുകൃതങ്ങളെ സാക്ഷാത്ക്കരിക്കുവാൻ സാധിക്കും. സത്യത്തെയും ധർമ്മത്തെയും ദയയെയും ശാന്തിയെയും ദൈവമായി ഹൃദയശ്രീകോവിലിൽ പ്രതിഷ്ഠിക്കുമ്പോൾ ഉത്തമനായ മനുഷൻ പിറക്കും. അത്തരം മനുഷ്യർ ഉൾക്കൊള്ളുന്ന സമൂഹം നന്മയിലേക്ക് ലോകഗതിയെത്തന്നെ നയിക്കുകയും ചെയ്യും. ദൈവത്തോടുളള ഭയം മാറി,​ അഭയം കൈവരുന്നത് ഇവിടെയാണ്.

ക്ഷേത്രങ്ങൾ കച്ചവട കേന്ദ്രങ്ങളായി മാറുകയും,​ ക്ഷേത്രസ്വത്തുക്കൾ കവർന്നെടുക്കപ്പെടുകയും,​ ക്ഷേത്രങ്ങൾ വിവാദഭൂമികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഗുരുവിന്റെ ക്ഷേത്രസങ്കല്പം നാം പിന്തുടർന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്. സനാതന മൂല്യങ്ങളായ സത്യധർമ്മാദികളാകുന്ന അറിവാണ് ഗുരുവിന്റെ ദൈവം. ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി കൊടുക്കുന്നതും ആ അറിവിനെത്തന്നെ ആയിരിക്കണം. ക്ഷേത്രങ്ങൾ വിജ്ഞാനകേന്ദ്രങ്ങളായി മാറുമ്പോൾ ജീവിതവിജയം കരസ്ഥമാക്കുവാൻ ആഗ്രഹിക്കുന്ന ആർക്കും അവിടം ഉപകാരപ്പെടും. പ്രാർത്ഥനയോടൊപ്പം പ്രയത്നവും കൂടിച്ചേരുമ്പോഴാണ് ജീവിതവിജയം കരഗതമാകുന്നത്.

പ്രാർത്ഥനയും

പ്രയത്നവും

പ്രാർത്ഥനയ്ക്കു മുമ്പ് ശരീര - വാക് - മന:ശുദ്ധികൾ നേടേണ്ടതുണ്ട്. മന:ശുദ്ധിയില്ലാത്ത പ്രാർത്ഥന സ്വാർത്ഥവും അജ്ഞാനം നിറഞ്ഞതുമായിരിക്കും. പ്രണവ പ്രതിഷ്ഠയും,​ സത്യധർമ്മാദികൾ അടങ്ങുന്ന ഫലകപ്രതിഷ്ഠയും എല്ലാം ഈ അറിവിന്റെ നിറവിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു കാലഘട്ടത്തിന്റെ തെറ്റുകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും അവരറിയാതെ തന്നെ സമൂഹത്തെ തിരുത്തുകയാണ് ഗുരു ചെയ്തത്. ഒരു ചിന്തകനോ ഭരണാധികാരിക്കോ കഴിയാത്ത ഇന്ദ്രജാലം ഗുരുവിന്റെ എല്ലാ പ്രവൃത്തികളിലും അടങ്ങിയിരിക്കുന്നതു കാണാം.

അത്തരമൊരു ഇന്ദ്രജാലം തന്നെയാണ് മുരുക്കുംപുഴയിലെ പ്രതിഷ്ഠാതത്വത്തിലും അടങ്ങിയിരിക്കുന്നത്. കാലം കടന്നു പോകുമ്പോഴും കാലത്തെ തിരുത്തിയും ശാസിച്ചും ഗുരുവിന്റെ പ്രതിഷ്ഠകൾ നിലകൊള്ളുകയാണ്. ഇതൊക്കെയാണെങ്കിലും മുരുക്കുംപുഴയിലെ സാധാരണ ജനങ്ങളുടെ ആവശ്യപ്രകാരം ആരാധനയ്ക്കായി പ്രഭാപ്രതിഷ്ഠയ്ക്ക് ഒപ്പം ബോധാനന്ദ സ്വാമികളെക്കൊണ്ട് ശിവലിംഗ പ്രതിഷ്ഠയും മറ്റ് ഉപദേവതാ പ്രതിഷ്ഠകളും ഗുരുദേവൻ നിർവഹിപ്പിച്ചു. സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലുള്ള മനോഹരമായ ഈ ക്ഷേത്രം ഗുരുവിന്റെ ആദർശത്തെ തിരിച്ചറിയുവാനുള്ള ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. അപൂർവമായ ഈ പ്രതിഷ്ഠയുടെ 104-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ലോകം ഈ മന്ത്റങ്ങൾ ഏറ്റു ജപിക്കട്ടെ- ഓം സത്യം,​ ധർമ്മം,​ ദയ,​ശാന്തി!

(ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറിയും,​ 93-ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമാണ് ലേഖകൻ)​

...................................

ഫോട്ടോ:

മുരുക്കംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിലെ പ്രഭാ പ്രതിഷ്ഠ

മുരുക്കംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം