പാരയായ പാരഡിയും, ലോക്ഭവനിലെ മുട്ടുകുത്തലും
'പഞ്ചാര വാങ്ങുവാൻ ബോംബെയ്ക്കയക്കാം ഞാൻ, അഞ്ചര ഗോവിന്ദാ ഓടി വായോ...!" 1952-ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന് എതിരെ കമ്മ്യൂണിസ്റ്റുകാർ ഇറക്കിയ പാരഡി ഗാനമാണ് ഇത്. വെളിച്ചെണ്ണ ഇടപാടിൽ പനമ്പിള്ളി അഞ്ചര ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാരഡി. പാരഡിയുടെ 'മൂലഗാന"മാകട്ടെ, അക്കാലത്തിറങ്ങിയ 'ജീവിതനൗക" എന്ന സിനിമയിലെ 'ആനത്തലയോളം വെണ്ണ തരാമെടാ, ആനന്ദ ശ്രീകൃഷ്ണാ..." എന്ന ഗാനവും.
കേരളത്തിൽ തിരഞ്ഞെടുപ്പു കാലത്ത് പ്രചാരണായുധമാക്കിയ ആദ്യത്തെ പാരഡി ഗാനമാണിത്. പീന്നീട്, ലീഡർ കെ. കരുണാകരന്റെ കാർ യാത്രയിലെ അമിത വേഗത്തെ കളിയാക്കി 'മന്ത്രിക്കാറ് ഫ്ളൈറ്റിനു തുല്യം, മന്ത്രിയേ... അയ്യപ്പാ" എന്നതുൾപ്പെടെ ഓരോ തിരഞ്ഞെടുപ്പിലും എത്രയെത്ര പാരഡികൾ! വീരമണി പാടിയ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്, കല്ലും മുള്ളും കാലുക്ക് മെത്ത" എന്ന ഭക്തിഗാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇതിലേറെയും.
ഇപ്പോൾ നാടെങ്ങും അലയടിക്കുകയും, പാടാൻ അറിയാത്തവരുടെയും മുലപ്പാൽ നുകരുന്ന കുഞ്ഞുങ്ങളുടെ പോലും ചുണ്ടുകളിൽ തത്തിക്കളിക്കുന്നതുമായ പുതിയ പാരഡിയാണ് 'പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ...!" തൊട്ടിലിൽ കുഞ്ഞുങ്ങളെ പാടിയുറക്കാൻ അമ്മമാർ ഇത് താരാട്ട് പാട്ടാക്കുന്നു എന്നുവരെ കേൾക്കുന്നു. ഇതൊക്കെ കേട്ട് വിറളി പിടിക്കുന്നത് സർക്കാരും സഖാക്കളും. തദ്ദേശ തിരഞ്ഞെടുപ്പിൽ കത്തി നിന്ന പാരഡിയുടെ അലയൊലി അതു കഴിഞ്ഞിട്ടും ആളിപ്പടരുന്നു.
സഖാക്കളെ വല്ലാതെ ബേജാറാക്കുന്ന ഈ പാരഡി അടുത്ത മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ പാടുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ഭീഷണി. അതിനിടെ, സ്വർണപ്പാളി കടത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ആദ്യം കയറ്റിയതാര് എന്നതിലും തർക്കം! കയറ്റിയത് തങ്ങളല്ല, കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരാണെന്ന് സി.പി.എം നേതാക്കൾ. 'പോറ്റിയെ കേറ്റിയതാരപ്പാ, കോൺഗ്രസാണേ അയ്യപ്പാ..." എന്ന ബദൽ പാരഡി ഇതിനിടെ സൈബർ പോരാളികൾ ഇറക്കിയെങ്കിലും ക്ളച്ചുപിടിച്ചില്ല.
'പോറ്റിയേ കേറ്റിയേ" എന്ന പാരഡിക്ക് ഇത്രയേറെ പ്രചാരം ലഭിക്കാൻ കാരണം സഖാക്കളല്ലേ? ചില സാമൂഹ്യ മാദ്ധ്യമങ്ങളിലും ചുരുക്കം ചില ചാനലുകളിലും മാത്രം കണ്ടും കേട്ടുമിരുന്ന പാരഡി എഴുതിയ ആൾക്കും, അത് പാടി പ്രചരിപ്പിച്ചയാൾക്കുമെതിരെ പൊലീസ് കേസ്. അതിന് പൊലീസിന് നിർദ്ദേശം നൽകിയ സർക്കാരിന്റെ ഉപദേശകരുടെ 'അതിബുദ്ധി"ക്ക് നമോവാകം! ഈ പാരഡി മൂളിയാൽപ്പോലും കേസാവുമെന്ന സ്ഥിതിയായി.
തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്ത 19 സിനിമകൾക്ക് കേന്ദ്ര സർക്കാർ ആദ്യം പ്രദർശനാനുമതി നിഷേധിച്ചു. ബീഫ് എന്നു കേട്ടാൽത്തന്നെ കലിതുള്ളുന്ന കേന്ദ്രത്തിലെ ചില വേന്ദ്രന്മാർ അനുമതി നിഷേധിച്ചവയിൽ യഥാർത്ഥ ബീഫുമായി പുലബന്ധമില്ലാത്ത 'ബീഫ്" എന്ന വിദേശ ചിത്രവും ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ നടപടിയെ ആവിഷ്കാര സ്വാതന്ത്യത്തിനു മേലുള്ള കൈകടത്തലാണെന്ന് സംസ്ഥാന സർക്കാരും ഇടത് പുരോഗമന വാദികളും. അപ്പോൾ, 'പോറ്റിയേ... കേറ്റിയേ" എന്ന വെറുമൊരു പാരഡിക്കെതിരെ കേസെടുത്തതോ എന്നായി പ്രതിപക്ഷം.
ഒടുവിൽ, പുലിവാൽ പിടിച്ചതു പോലെയായെന്ന് സർക്കാരിന് ബോദ്ധ്യപ്പെട്ടു. ഇതു സംബന്ധിച്ച എല്ലാ കേസും മരവിപ്പിക്കാൻ മുകളിൽ നിന്ന് പൊലീസിന് ഇണ്ടാസ്. അതിനിടെ, യു.ഡി.എഫ് എം.പിമാർ പാർലമെന്റ് മന്ദിരത്തിനു പുറത്ത് ഇതേ പാരഡി മോദിജിയെയും കൂട്ടരെയും ഉറക്കെ പാടിക്കേൾപ്പിച്ച് നിർവൃതി പൂണ്ടു. കേസെടുക്കാനുള്ള മണ്ടൻ തീരുമാനമല്ലേ ഈ പാരഡിക്ക് 'ആഗോള പ്രശസ്തി" നേടിക്കൊടുത്തത്? അത് ഇനി എന്ന് കെട്ടടങ്ങും? വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വച്ചതു പോലെ!
പാരഡിയിൽ അയ്യപ്പന്റെ പേര് ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. അപ്പോൾ, ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ കടത്തിയത് മതവികാരം ഊട്ടിയുറപ്പിക്കാനായിരുന്നോ എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം. ലൈംഗിക പീഡനത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ പരാതി പുറത്തു വന്നപ്പോൾത്തന്നെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നാലെ മറ്റൊരു യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുകയും, പൊലീസ്
കേസെടുക്കുകയും ചെയ്തപ്പോൾ കക്ഷിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചു.
ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതികളായി അഴിയെണ്ണുകയാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ വാസുവും പത്മകുമാറും. സി.പി.എം ലേബലിൽ പഞ്ചായത്ത് പ്രസിഡന്റും വിജിലൻസ് ട്രൈബ്യൂണലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെയായിരുന്ന ആളാണ് വാസു. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പത്മകുമാർ ജയിലിൽ കഴിയുമ്പോഴും പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി തുടരുന്നു. ഇവർക്കെതിരെ പാർട്ടി എന്ത് നടപടിയെടുത്തു?
ശബരിമലയിലെ സ്വർണക്കവർച്ച ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിലയിരുത്തിയതാണ്. പത്മകുമാറിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. എന്നിട്ടും പത്മകുമാർ ജില്ലാ കമ്മിറ്റിയിൽ തുടരുന്നതിനു പിന്നിൽ ആരുടെ
സമ്മർദ്ദം?
ജയിലിലായിട്ടും അദ്ദേഹത്തെ തൊടാൻ എന്തിന് ഭയക്കുന്നു? പാരഡി എന്നതു പോലെ പത്മകുമാർ വിഷയവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കത്തിനിൽക്കില്ലേ?പാർട്ടിയിലെ സാധാരണ പ്രവർത്തകർ പോലും ഉയർത്തുന്ന ചോദ്യത്തിന് ഉത്തരമില്ല! കേസിൽ അറസ്റ്റിലായതല്ലേയുള്ളൂ, കോടതി വിധി എതിരായാൽ നടപടിയെടുക്കാം എന്നൊക്കെ പറഞ്ഞ് ഗോവിന്ദൻ മാഷ് ഇനി എത്ര കാലം തടിതപ്പുമെന്നാണ് വി.ഡി. സതീശന്റെ ചോദ്യം.
രണ്ട് സർവകവാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ 'അങ്ങനെ പവനായി ശവമായി!" എന്തൊക്കെയായിരുന്നു.! ഗവർണർക്കെതിരെ സുപ്രീം കോടതി വരെ കേസ്. കേരള വി.സിയെ തടഞ്ഞ എസ്.എഫ്.ഐ നേതാക്കൾക്ക് ജയിൽ വാസം. ഗവർണറുമായി മന്ത്രിമാരുടെ ഒത്തുതീർപ്പ് ചർച്ച. എല്ലാം പൊളിഞ്ഞു. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലാ വി.സിമാരെ നേരിട്ട് നിയമിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. അതിനിടെ സസ്പെൻസ്.
ഒരു സുപ്രഭാതത്തിൽ ഗവർണർ ആർലേക്കറെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ
ലോക് ഭവനിലേക്ക്. അതും, ഒന്നല്ല, രണ്ടുതവണ! അതോടെ,എല്ലാം 'കോംപ്ളിമെന്റ്സ്." സർക്കാരിന് കണ്ണെടുത്താൽ ചതുർത്ഥിയായിരുന്ന, ഗവർണറുടെ നോമിനി ഡോ. സിസാ തോമസ് വീണ്ടും സാങ്കേതിക വി.സി. സർക്കാരിനു വേണ്ടപ്പെട്ട ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ വി.സി. ഫിഫ്റ്റി ഫിഫ്റ്റി.
ഭാരതാംബ വിഷയത്തിന്റെ പേരിൽ സെനറ്റ് ഹാളിലെ ഗവർണറുടെ പരിപാടി സി.പി.എം സംഘടനയുടെ പിൻബലത്തിൽ തടയാൻ ശ്രമിച്ച് സസ്പെൻഷനിലായ കേരള രജിസ്ട്രാർ ഡോ. അനിൽ കുമാറിനെയും സർക്കാർ കൈയൊഴിഞ്ഞു. ഡെപ്യൂട്ടേഷൻ മതിയാക്കി അദ്ദേഹം പഴയ കോളേജിലേക്ക്. അപ്പോൾ, ഇതുവരെ നടത്തിയ സമരമോ? എസ്.എഫ്.ഐക്കാർ ജയിലിൽ കിടന്നതോ? എല്ലാം സ്വാഹ! ഗവർണർക്കു മുന്നിൽ സർക്കാർ
മുട്ടുമടക്കിയെന്ന് പരിഹാസം. പരിഹസിച്ചോട്ടെ. നമുക്ക് കാര്യം സബൂറാക്കിയാൽ പോരേ!
നുറുങ്ങ്.
■ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് മോദി സർക്കാർ മാറ്റി.
പുതിയ പേര് 'വിബി- ജി റാം ജി."
● ഇനി റാംജിറാവ് സ്പീക്കിംഗ്. ഹേ റാം!
(വിദുരരുടെ ഫോൺ: 99461 08221)