അധികൃതർ തിരിഞ്ഞുനോക്കാതെ അകരത്തുവിള അങ്കണവാടി

Monday 22 December 2025 12:23 AM IST

 കെട്ടിടത്തിന് താഴുവീണിട്ട് 5 വർഷം

ഉദിയൻകുളങ്ങര: അകരത്തുവിള അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ.കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പെരുമ്പോട്ടുകോണം അകരത്തുവിളയിലെ ഒന്നാം നമ്പർ അങ്കണവാടി കെട്ടിടത്തിനാണ് ഈ ദുർവിധി. അഞ്ച് വർഷം മുമ്പാണ് അങ്കണവാടി കെട്ടിടം തകർന്നത്. അധികൃതർ സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകയ്ക്കെടുത്ത് അവിടെയാണ് ഇപ്പോൾ അങ്കണവാടി പ്രവർത്തിക്കുന്നത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിരുന്നുവെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം നിലവിലെ വാടകക്കെട്ടിടമാണ് വോട്ടിടൽ കേന്ദ്രമാക്കിയത്. കെട്ടിടത്തിന് ചുറ്റും കാടുകയറിയ നിലയിലാണ്. ഉപയോഗശൂന്യമായ ഇവിടമിപ്പോൾ തെരുവ് നായ്ക്കൾ, മരപ്പട്ടി, ഇഴജന്തുക്കൾ തുടങ്ങിയവയുടെ താവളമായി മാറിയിട്ടുണ്ട്. കുട്ടികളുടെ കളിക്കോപ്പുകൾ തുരുമ്പെടുത്ത് നശിച്ച അവസ്ഥയാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.

 വാഗ്ദാനങ്ങൾ മാത്രം

പുതിയ കെട്ടിടം, അധികൃതർ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ഒന്നും പ്രാവർത്തികമാക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 14 കുട്ടികളാണ് നിലവിൽ അങ്കണവാടിയിലുള്ളത്. സർക്കാർ ഭൂമിയും സൗകര്യങ്ങളുമുണ്ടെങ്കിലും വർഷങ്ങളോളം സ്വകാര്യ വ്യക്തിക്ക് കെട്ടിടത്തിൽ വാടക ഇനത്തിൽ തുക കൈമാറി കൊണ്ടിരിക്കുന്നതും പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതും പ്രതിഷേധങ്ങൾക്ക് കാരണമാണ്.

 അധികൃതരുടെ അശ്രദ്ധ

അങ്കണവാടി കെട്ടിടം കാടും പടർപ്പും കയറി, വൃത്തിഹീനമായ സ്ഥലത്താണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടുതലും സ്വകാര്യ കെട്ടിടങ്ങളിൽ അങ്കണവാടികൾ പ്രവർത്തിപ്പിക്കാനാണ് അധികൃതർക്ക് കൂടുതൽ താത്പര്യമെന്നും അതിനു പിന്നിൽ

പ്രത്യേക ഉദ്ദേശ്യങ്ങൾ ഉണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.