ബി.ജെ.പിയുടെ കണ്ണിലൂടെ ആർ.എസ്.എസിനെ കാണരുത്: മോഹൻ ഭാഗവത്
കൊൽക്കത്ത: രാഷ്ട്രീയ കണ്ണിലൂടെയോ ബി.ജെ.പിയുമായുള്ള താരതമ്യത്തിലൂടെയോ ആർ.എസ്.എസിനെ മനസിലാക്കാൻ ശ്രമിക്കുന്നത് തെറ്റായ ധാരണകൾക്ക് കാരണമാകുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. കൊൽക്കത്തയിൽ നടന്ന ആർ.എസ്.എസ് 100 വ്യാഖ്യാൻ മാല എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും ആർ.എസ്.എസിനെ ബി.ജെ.പിയുടെ ലെൻസിലൂടെയാണ് നോക്കിക്കാണുന്നത്. ഇത് വലിയ തെറ്റാണ്. അത്തരം താരതമ്യങ്ങൾ സംഘടനയെ മനസ്സിലാക്കാൻ സഹായിക്കില്ല. ആർ.എസ്.എസിനെ വെറുമൊരു സേവന സംഘടനയായി മാത്രം കാണുന്നതും ശരിയല്ല. 100 വർഷത്തെ സംഘടനയുടെ യാത്ര കേവലം രാഷ്ട്രീയമോ സേവനമോ മാത്രമല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
നല്ല സ്വഭാവവും മൂല്യങ്ങളുമുള്ള വ്യക്തികളെ വളർത്തിയെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അങ്ങനെയുള്ളവർക്ക് മാത്രമേ രാജ്യത്തെ ശക്തമാക്കാൻ കഴിയൂ. ഭാരതത്തിന്റെ പഴയകാല സംസ്‌കാരവും മൂല്യങ്ങളും മുറുകെ പിടിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും വളർച്ചയ്ക്കും അത്യാവശ്യമാണ്. ഒപ്പം, 'സ്വദേശി' ചിന്താഗതി യുവാക്കൾ വളർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിലിഗുരിയിൽ നടന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.