തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, മഹാരാഷ്‌ട്രയിൽ മഹായുതി മുന്നേറ്റം, ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി

Monday 22 December 2025 12:52 AM IST

ന്യൂഡൽഹി: 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം നിലനിറുത്തിയ മഹായുതി സഖ്യത്തിന് അനുകൂലമാണ് ഇപ്പോഴും മഹാരാഷ്ട്രയെന്ന് വ്യക്തം.

രണ്ടു ഘട്ടമായി നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സംസ്ഥാന ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതിക്ക് വൻ മുന്നേറ്റം. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പുരോഗമിക്കെ 6,859 സീറ്റുകളിൽ 3,120 ഇടത്ത് ബി.ജെ.പി മുന്നിലാണ്. മഹായുതി കക്ഷികളായ ശിവസേന 600 സീറ്റിലും എൻ.സി.പി 200 ഇടത്തും മുന്നിൽ.

പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. ശിവസേന (ഉദ്ധവ്):145, കോൺഗ്രസ്:105, എൻ.സി.പി (ശരത് പവാർ):122

നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി കർഷകർക്ക് വാഗ്‌ദാനം ചെയ്‌ത സഹായങ്ങൾ നൽകാത്തതിലുള്ള നിരാശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ഇവയിലൂന്നി പ്രചാരണം നടത്താനും സർക്കാരിനെ പ്രതിരോധത്തിലാക്കാനുമുള്ള ശ്രമങ്ങൾ പ്രതിപക്ഷത്തുനിന്നുണ്ടായില്ല.

വിദർഭയിലും മറാത്ത്‌വാഡയിലും കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രചാരണം നടത്തിയെങ്കിലും ശിവസേന (ഉദ്ധവ്) നേതാക്കൾ സജീവമല്ലായിരുന്നു. എൻ.സി.പി (ശരത് പവാർ) നേതാക്കൾ അവരുടെ മണ്ഡലങ്ങളിൽ മാത്രമൊതുങ്ങി. ചിലയിടങ്ങളിൽ മഹായുതി സഖ്യകക്ഷികൾ തമ്മിലും ഏറ്റുമുട്ടി.

അതേസമയം ഭരണകക്ഷിയായ മഹായുതിക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ പ്രചാരണത്തിന് നേരിട്ട്നേതൃത്വം നൽകി.

അടുത്ത മാസം നടക്കാനിരിക്കുന്ന മുംബയ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനെ നേരിടാൻ മഹായുതിക്ക് ആത്മവിശ്വാസം നൽകുന്നതാണ് വിജയം.

263 സ്ഥാപനങ്ങളിലേക്ക് ഡിസംബർ 2 നും 286 ഇടത്ത് ഡിസംബർ 20 നുമാണ് വോട്ടെടുപ്പ് നടന്നത്.

ജനങ്ങൾക്ക് നന്ദി. നേതാക്കളും പ്രവർത്തകരും കഠിനാദ്ധ്വാനം ചെയ്തു. 30–35 വർഷത്തിനിടെ മഹാരാഷ്ട്ര ഇത്തരമൊരു വിജയം കണ്ടിട്ടില്ല

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്