പേരുവെട്ടലിന് മമതയുടെ മറുപടി ബംഗാൾ തൊഴിൽ പദ്ധതിക്ക് ഗാന്ധിജിയുടെ പേര്
കൊൽക്കത്ത: തൊഴിലുറപ്പ് പദ്ധതി വിവാദങ്ങൾക്കിടെ ബംഗാളിലെ സർക്കാർ തൊഴിൽ പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകാൻ മുഖ്യമന്ത്രി മമത ബാനർജി.
പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതിന് മറുപടിയായി ബംഗാൾ സർക്കാരിന്റെ തൊഴിൽ പദ്ധതിയായ കർമ്മശ്രീ ഇനിമുതൽ മഹാത്മാ ഗാന്ധി പദ്ധതി എന്നറിയപ്പെടുമെന്ന് മമത പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മമത.
'കേന്ദ്രം ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിൽ ലജ്ജ തോന്നുകയാണ്. നമ്മൾ രാഷ്ട്രപിതാവിനെ പോലും മറക്കുകയാണോ. ഞാൻ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. സംസ്ഥാന സർക്കാരിന്റെ കർമ്മശ്രീ പദ്ധതിയെ മഹാത്മാ ഗാന്ധി പദ്ധതി എന്ന് പുനർനാമകരണം ചെയ്യും. മഹാത്മാഗാന്ധിയെ എങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ലെങ്കിൽ കാണിച്ചുകൊടുക്കാം. ഞങ്ങൾക്ക് ഗാന്ധിയെയും അംബേദ്കറെയും നെഹ്റുവിനെയുമൊക്കം ബഹുമാനിക്കാനറിയാം" -മമത പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി
മാതൃകയിൽ
ബംഗാൾ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി. കഴിഞ്ഞ വർഷമാണ് തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ മമത സർക്കാർ കർമ്മശ്രീ പദ്ധതി ആരംഭിച്ചത്. കേന്ദ്ര ഫണ്ട് അവസാനിച്ചതോടെ സ്വന്തം നിലയ്ക്ക് പദ്ധതി ആരംഭിക്കുകയായിരുന്നു. പദ്ധതി പ്രകാരം 75 മുതൽ 100 ദിവസം വരെ ഒരാൾക്ക് ജോലി ലഭിക്കും.