പൂക്കച്ചവടക്കാരന്റെ കെെ തല്ലിയൊടിച്ച കേസിൽ പ്രതി പിടിയിൽ

Monday 22 December 2025 3:40 AM IST

ഗുരുവായൂർ: ഗുരുവായൂരിൽ പൂക്കച്ചവടക്കാരനെ ഇരുമ്പു പൈപ്പുകൊണ്ട് ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിൽ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശി മീശ എന്ന് വിളിക്കുന്ന ചന്ദ്രനെ(68)യാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ ജി.അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം 12ന് പുലർച്ചെ മൂന്നിനായിരുന്നു അക്രമണം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ നടയിൽ മാഞ്ചിറ ജംഗ്ഷനിൽ പൂ കച്ചവടം നടത്തുന്ന തിരുവത്ര സ്വദേശി ചീരമ്പത്ത് വീട്ടിൽ രാജേന്ദ്രനെയാണ് (66) പ്രതി ആക്രമിച്ചിരുന്നത്. നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് പിറ്റേന്ന് പൂക്കച്ചവടം നടത്തുന്ന തട്ടിൽ പ്രതി വിസർജ്യ വസ്തുക്കൾ നിക്ഷേപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സഹിതം രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിനാണ് ആക്രമണം നടത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് രാജേന്ദ്രന്റെ ഇടതുകൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. ഗുരുവായൂർ പരിസരങ്ങളിൽ വർഷങ്ങളായി തമ്പടിച്ചുവരുന്ന പ്രതി മുമ്പും സമാനമായ അക്രമങ്ങൾ ചെയ്യാറുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.