സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബി.ജെ.പി ആക്രമണം; ആറ് വയസുകാരന്റെ കണ്ണിന് പരിക്ക്

Monday 22 December 2025 3:42 AM IST

തൃശൂർ: കോലഴി ഉമാനഗറിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബി.ജെ.പി പ്രവർത്തകർ ഗുണ്ടെറിഞ്ഞെന്ന് പരാതി. വീടിന്റെ പിറകുവശത്തുണ്ടായിരുന്ന കുട്ടിയുടെ കണ്ണിന് പരിക്കേറ്റു. തൃശൂർ കോലഴി ഉമാ നഗർ സ്വദേശി കുണ്ടപ്പറമ്പിൽ അജിത്തിന്റെ വീടിന് നേരെയായിരുന്നു ആക്രമണം.

ഞായറാഴ്ച രാവിലെ 11.30ന് സത്യപ്രതിജ്ഞാച്ചടങ്ങിന് ശേഷമായിരുന്നു സംഭവം. ബി.ജെ.പിയുടെ ആഹ്ലാദപ്രകടനത്തിനിടെ അജിത്തിന്റെ വീട്ടിലേക്ക് ഗുണ്ടെറിയുകയായിരുന്നു. അജിത്തിന്റെ മകനെ വീടിന്റെ പിറകുവശത്ത് അമ്മ കുളിപ്പിക്കുന്നതിനിടെയാണ് ഗുണ്ട് പൊട്ടി കുട്ടിയുടെ കണ്ണിലേക്ക് പാളികൾ തെറിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആദ്യമായാണ് കോലഴി പഞ്ചായത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചത്. സംഭവത്തിൽ കുടുംബം വിയ്യൂർ പൊലീസിൽ പരാതി നൽകി. സംഭവമുമായി ബന്ധപ്പെട്ട് സി.പി.എം കോലഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഴി ഉമാ നഗറിൽ പ്രതിഷേധം സംഘടിപ്പിച്ചു.