അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: സ്ത്രീകൾക്കും പങ്കുണ്ടെന്ന് സംശയം
വാളയാർ: അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ (31) ആണ് കൊല്ലപ്പെട്ടത്. ഇയാളെ മർദിക്കുന്ന വീഡിയോകളിൽ നിന്നാണ് സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയത്തിൽ പൊലീസ് എത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ചോളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി.പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ.ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. വാളയാർ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറി. രാംനാരായണിനെ മർദിക്കുന്ന വീഡിയോകളിൽനിന്നും ചിത്രങ്ങളിൽനിന്നും തിരിച്ചറിയാൻ കഴിഞ്ഞ അഞ്ചുപേരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റുചെയ്തിട്ടുള്ളത്. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലടക്കം പങ്കുവെക്കപ്പെട്ട വീഡിയോകൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഈ പരിശോധനയിലാണ് സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയം പൊലീസിന് ഉണ്ടായിരിക്കുന്നത്. അതിനെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദനത്തിൽ സ്ത്രീകളും പങ്കെടുത്തുവോ എന്നതിൽ വ്യക്തതയില്ലെങ്കിലും സംഭവസമയത്ത് സ്ത്രീകളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. ആരൊക്കെയാണ് രാംനാരായണിനെ മർദിച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല.