16 വർഷത്തിന് ശേഷം അതിജീവിത മൗനം വെടിഞ്ഞു; ഭിന്നശേഷിക്കാരായ പെൺകുട്ടികളെ പീഡിപ്പിക്കുന്ന സീരിയൽ കുറ്റവാളി പിടിയിൽ

Monday 22 December 2025 10:39 AM IST

മുംബയ്: ഭിന്നശേഷിക്കാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് പണവും സ്വർണവും തട്ടുന്ന സീരിയൽ കുറ്റവാളി പിടിയിൽ. സാന്താക്രൂസ് സ്വദേശിയായ മഹേഷ് പവാർ എന്നയാളാണ് പിടിയിലായത്. ഇയാളെ മുംബയിലെ വിരാറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 16 വർഷങ്ങൾക്ക് മുൻപ് നടന്ന പീഡനത്തെക്കുറിച്ച് കേൾവിശക്തിയും സംസാരിശേഷിയുമില്ലാത്ത യുവതി നടത്തിയ തുറന്നു പറച്ചിലാണ് സംഭവം വെളിച്ചത്തു കൊണ്ടുവന്നത്. അതിജീവിത പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

ഭർത്താവിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. ആംഗ്യഭാഷാ വ്യാഖ്യാതാവായ മധു കെനിയുടെ സഹായത്തോടെ യുവതി പീഡന വിവരങ്ങൾ പൊലീസിനോട് പറയുകയും പരാതി നൽകുകയും ചെയ്‌തു. പീഡിപ്പിക്കപ്പെട്ട മറ്റൊരു ഭിന്നശേഷിക്കാരി ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന് അറിഞ്ഞപ്പോഴുണ്ടായ അസ്വസ്ഥയെ തുടർന്നാണ് പീഡന വിവരം തുറന്ന് പറയാൻ അതിജീവിത തീരുമാനിച്ചത്.

2009ലാണ് പവാർ യുവതിയെ പീഡിപ്പിച്ചത്. തന്റെ വനിതാ സുഹൃത്താണ് സാന്താക്രൂസിലെ വക്കോളയിലുള്ള പവാറിന്റെ വീട്ടിലേക്ക് തന്നെ കൊണ്ടു പോയതെന്നും അവിടെ വച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നെന്നും അതിജീവിത മൊഴി നൽകി. സംഭവത്തിന്റെ വീഡിയോ കാണിച്ച് പിന്നീട് തന്നെ പവാർ ഭീഷണിപ്പെടുത്തിയതായും അതിജീവിത ആരോപിച്ചു.

പ്രതി സമനാനമായ രീതിയിൽ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത ഏഴ് യുവതികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും പീഡനദൃശ്യങ്ങൾ കാണിച്ച് അവരെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.