ടേക്കോഫിന് പിന്നാലെ എൻജിനിൽ സാങ്കേതിക പ്രശ്നം, 355 യാത്രക്കാരുമായി പറന്ന വിമാനം തിരിച്ചിറക്കി

Monday 22 December 2025 12:22 PM IST

ന്യൂഡൽഹി: എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. 355 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കിയത്. മുംബയിലേക്ക് പോയ AI887 വിമാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് സാങ്കേതിക പ്രശ്നം കാരണം തിരിച്ചിറക്കാൻ തീരുമാനിച്ചെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ഫ്ലാപ്പ് പിൻവലിക്കൽ സമയത്ത് വലത് വശത്തെ എൻജിനിൽ ഓയിൽ മർദ്ദം കുറവാണെന്ന് ഫ്ലെെറ്റ് ക്രൂ സ്ഥിരീകരിച്ചു. പിന്നാലെ എൻജിൻ ഓയിൽ മർദ്ദം പൂജ്യമായി കുറഞ്ഞു. തുടർന്ന് ജീവനക്കാർ ഉചിതമായ നടപടി സ്വീകരിച്ച് വിമാനം താഴേ ഇറക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് വലത് ഭാഗത്തെ എൻജിൻ ഓഫായിയെന്നും റിപ്പോർട്ടുണ്ട്. ഈ അപ്രതീക്ഷിത സാഹചര്യം മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം അറിയിച്ചിട്ടുണ്ട്. നിലവിൽ വിമാനം പരിശോധിച്ച് വരികയാണെന്നും യാത്രക്കാക്ക് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്നും വക്താവ് അറിയിച്ചു.