പ്ളസ്‌ടുകാർക്ക് പരീക്ഷയെഴുതാതെ സർക്കാർ ജോലി നേടാൻ അവസരം; ജനുവരി അഞ്ചിന് അഭിമുഖം

Monday 22 December 2025 12:51 PM IST

പ്ളസ്‌ടുകാർക്ക് പരീക്ഷയില്ലാതെ സർക്കാർ ജോലി നേടാൻ അവസരം. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്‌‌മെന്റ്‌സിൽ (കെഎസ്‌സിസിഇ)​ ക്ളർക്ക് തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ഡിസംബർ 20ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നിരുന്നു.

കേരളത്തിലെ വിവിധ ക്ളിനിക്കൽ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.18-36നും ഇടയിൽ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വർഗ വിഭാഗങ്ങൾ,​ വിധവകൾ എന്നിവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷകർ അംഗീക‌ൃത ബോർഡിൽ നിന്ന് പ്ളസ്‌ടു പാസായിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ഡിപ്ളോമ നേടിയിരിക്കണം. ഇംഗ്ളീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനം നിർബന്ധമാണ്. മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അതേസമയം,​ ഒഴിവുകളുടെ എണ്ണം,​ വേതനം,​ കരാർ കാലാവധി എന്നിവ സംബന്ധിച്ച് വിജ്ഞാപനത്തിൽ പറയുന്നില്ല.

www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷയ്ക്ക് ഫീസ് നൽകേണ്ടതില്ല. 2026 ജനുവരി അഞ്ചിന് രാവിലെ 9.30നാണ് അഭിമുഖം നടക്കുക. തിരുവനന്തപുരം തൈക്കാട് കേരള സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഹോസ്റ്റൽ ബ്ളോക്കിന്റെ രണ്ടാം നിലയിലാണ് അഭിമുഖം നടത്തപ്പെടുന്നത്. പങ്കെടുക്കുന്നവർ ആവശ്യമായ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം എത്തുക.