എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്‌കോപ്പ്; കിട്ടിയത് ആറ് വയസുകാരന്

Monday 22 December 2025 12:55 PM IST

ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്‌കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. ആറ് വയസുള്ള ഒരു ആൺകുട്ടിക്കാണ് മാലിന്യക്കൂമ്പാരത്തിൽ നിന്ന് റൈഫിൾ സ്‌കോപ്പ് കിട്ടിയത്. ഇതുവച്ച് കുട്ടി കളിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കൾ ഇത് ശ്രദ്ധിച്ചതും പൊലീസിനെ അറിയിച്ചതും.

സ്‌നൈപ്പർ തോക്കിൽ ഘടിപ്പിക്കുന്നതാണ് കണ്ടെത്തിയ റൈഫിൾ സ്‌കോപ്പ്. സംഭവത്തിൽ സാംബ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൊലീസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ജമ്മു കാശ്‌മീർ പൊലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.