പാസ്‌വേർഡ് ചോദിക്കില്ല, സിം മാറ്റേണ്ട, എളുപ്പത്തിൽ ഹാക്ക് ചെയ്യും, വാട്‌സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണം
ആഹാരവും വസ്‌ത്രവുമൊക്കെ പോലെ ഇപ്പോൾ എല്ലാവർക്കും വളരെയധികം പ്രധാനമാണ് അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്‌തമാണ് സ്വതന്ത്ര മെസേജിംഗ് ആപ്പായ വാട്‌സാപ്പ്. ഇതുവഴി കൈമാറാത്ത ജീവിതരഹസ്യങ്ങളുണ്ടാകില്ല പലർക്കും. എന്നാൽ ഇപ്പോഴിതാ വാട്‌സാപ്പിനെ ബാധിക്കുന്ന ഒരു ഗുരുതര പ്രശ്നം എടുത്തുകാട്ടുകയാണ് ഇന്ത്യയിലെ സൈബർ സുരക്ഷാ വിഭാഗമായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോണ്ട്‌സ് ടീം (സിഇആർടി-ഇൻ).
ഡിവൈസ് ലിങ്കിംഗ് ഫീച്ചറായി ഫോണിലെത്തി രഹസ്യങ്ങൾ ഹാക്ക് ചെയ്‌തെടുക്കുന്ന ഈ പ്രശ്‌നമാണ് ഗോസ്റ്റ് പെയറിംഗ്. 'ഹായ്! ഈ ഫോട്ടോ ക്ളിക്ക് ചെയ്യൂ' തുടങ്ങി ക്ളിക്ക് ചെയ്യാൻ തോന്നിപ്പിക്കുന്ന മെസേജുകളാകും വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് എത്തുക. ക്‌ളിക്ക് ചെയ്‌താലുടൻ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും. ഇതിന് പാസ്‌വേർഡ് ഉള്ള അക്കൗണ്ട് ആണോ സിം കാർഡ് മാറ്റണോ ഇത്തരം കാര്യങ്ങളൊന്നും ബാധകമല്ല. ഇതൊന്നുമില്ലാതെതന്നെ നിങ്ങളുടെ വിവരങ്ങൾ മറ്റൊരിടത്തിരിക്കുന്ന ഹാക്കർക്ക് ലഭിക്കും എന്നർത്ഥം.
ഗോസ്റ്റ് പെയറിംഗ് വാട്‌സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നില്ല പകരം ഹാക്കറുടെ ഡിവൈസിനെ അക്കൗണ്ട് ഉടമയെക്കൊണ്ടുതന്നെ അറിയാതെ അംഗീകരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് അക്കൗണ്ട് ഉടമ പെട്ടെന്ന് അറിയില്ല, ഹാക്കർക്ക് തന്റെ ലക്ഷ്യം നേടുവാനും സാധിക്കും.
എങ്ങനെയാണ് ഗോസ്റ്റ് പെയറിംഗ് നടക്കുക?
നമുക്കറിയുന്ന വിശ്വസനീയമായ ഒരു നമ്പരിന്റെ പേരിൽ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റോ ഫോട്ടോയോ നോട്ടിഫിക്കേഷൻ ലഭിക്കും. ഒരിക്കൽ അതിൽ ക്ളിക്ക് ചെയ്‌താൽ ഒരു കൃത്രിമ വെബ് പേജിലേക്ക് പോകും. അവിടെ യൂസറോട് വെരിഫൈ ചെയ്യണം എന്ന് ആവശ്യപ്പെടും. തുടർന്ന് നമ്മുടെ ഫോൺനമ്പർ ചോദിക്കും. നമ്പർ നൽകിയാൽ ഉടൻ ഒരു കോഡ് ചോദിക്കും. ഇത് ഹാക്കറുടെ വിദ്യയാണ്. കോഡ് നൽകിയാലുടൻ ഹാക്കറുടെ ഫോണുമായി നമ്മുടെ ഫോൺ ബന്ധിപ്പിക്കപ്പെടും.
ഇതുവഴി നിങ്ങൾക്ക് വരുന്ന സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും ആവശ്യമായവ ഡൗൺലോഡ് ചെയ്‌തെടുക്കാനുമെല്ലാം ഹാക്കർമാർക്ക് കഴിയും. എന്നാൽ ഇതൊന്നും സ്വന്തം ഫോണിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നയാൾ അറിയുക പോലുമില്ല.
എന്തുകൊണ്ട് ഗോസ്‌റ്റ് ഹാക്കിംഗ്?
സാധാരണ ലിങ്കുകളിലോ ചിത്രങ്ങളോ സ്വന്തം ഫോണിൽ കാണാൻ വേണ്ടകാര്യങ്ങൾ മാത്രം ചെയ്യുന്നതിനാൽ ഉപയോക്താക്കൾ ഗോസ്റ്റ് ഹാക്കിംഗ് നടന്നുവെന്ന് അറിയില്ല. ഒരിക്കൽ ഹാക്കിംഗ് നടന്നാൽ ഹാക്കർ അതുവഴി നമ്മുടെ കോണ്ടാക്‌ടുകളിലുള്ളവരിലോ ഗ്രൂപ്പ് ചാറ്റിലുള്ളവർക്കോ ഇതുപോലെ അപകടം വരുത്തിവയ്‌ക്കാം. കാരണം പരിചയമുള്ളവരുടെ പേരിലെ മെസേജ് ആയി എത്തുമ്പോൾ മിക്കവരും ആ ലിങ്കിൽ ക്ളിക്ക് ചെയ്യും. ഇത്തരത്തിൽ കൂട്ടത്തോടെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടത് ആദ്യം കണ്ടെത്തിയത് യൂറോപ്പിലാണ്. എന്നാൽ ലോകത്തിലെവിടെയും ആരുടെയും വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം എന്നതാണ് സത്യം.
അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം?
സാങ്കേതിക പരിജ്ഞാനത്തിനെക്കാളുപരി ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിവുള്ളവരാകുക എന്നതാണ് പറ്റിക്കപ്പെടാതിരിക്കാനുള്ള ആദ്യ പടി. വാട്‌സാപ്പിൽ ലിങ്ക്‌ഡ് ഡിവൈസ് സെക്ഷൻ ദിവസവും പരിശോധിക്കണം. അപരിചിതമായ വാട്‌സാപ്പ് സെഷനുകൾ കണ്ടാൽ അപ്പോൾതന്നെ റിമൂവ് ചെയ്യുക. പെയറിംഗ് കോഡുകൾ നൽകാനോ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാനോ വാട്‌സാപ്പിന് പുറമേയുള്ള ഏതെങ്കിലും വെബ്‌സൈറ്റ് വഴി അക്കൗണ്ട് പരിശോധിക്കാനോ അനുവദിക്കരുത്.
ഇതിനുപുറമേ വാട്‌സാപ്പിലുള്ള ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നടത്തുന്നത് അൽപം കൂടി സുരക്ഷ വർദ്ധിപ്പിക്കും. അറിയുന്ന കോണ്ടാക്‌ടുകളിൽ നിന്നുള്ള ലിങ്കുകൾ പോലും ക്ളിക്ക് ചെയ്യും മുൻപ് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം.