വാട്സാപ്പിനെ മലർത്തിയടിക്കാൻ 'അരാട്ടെ'; പുത്തൻ ഫീച്ചറുകളുമായി സോഹോ ഒരുങ്ങുന്നു

Monday 22 December 2025 1:20 PM IST

വാട്സാപ്പിന് വെല്ലുവിളിയുമായി സോഹോ പുറത്തിറക്കിയ മെസേജിംഗ് ആപ്പായ 'അരാട്ടെ' കൂടുതൽ കരുത്തോടെ എത്തുന്നു. സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുതന്നെയാണ് ആപ്പിന്റെ പുതിയ മാറ്റങ്ങളെക്കുറിച്ച് സൂചന നൽകിയത്. വാട്സാപ്പിന് വെല്ലുവിളി ഉയർത്തിയാണ് 'അരാട്ടെ' ആപ്പ് വീണ്ടും ചർച്ചയാകുന്നത്. അരാട്ടയെന്നാൽ തമിഴിൽ വാചകമടിയെന്നാണ് അർത്ഥം. മലയാളത്തിൽ സൗഹൃദമെന്നും അ‌ർത്ഥമാക്കുന്നു.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആപ്പ് 2021ലാണ് പുറത്തിറങ്ങിയത്. 2025 സെപ്തംബറിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അടക്കമുള്ള പ്രമുഖ വ്യക്തികൾ ആപ്പിൽ ചേർന്നതോടെയാണ് അരാട്ടെ തരംഗമാകുന്നത്. അതിനുശേഷം 3.5 ലക്ഷം പേർ മൂന്ന് ദിവസം കൊണ്ട് ആപ്പിൽ സൈൻഅപ്പ് ചെയ്തു.

ഇപ്പോഴിതാ ഉപയോക്താക്കളുടെ പരാതികൾ പരിഹരിച്ച് അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തി ഉടൻ ആപ്പിനെ വിപണിയിൽ സജീവമാക്കുമെന്ന് വ്യക്തമാക്കുകയാണ് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. എക്സിലൂടെ ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആപ്പിൽ ആഴ്ചതോറും പുതിയ അപ്‌ഡേറ്റുകൾ നൽകുന്നുണ്ടെന്നും പ്രധാനപ്പെട്ട ചില ഫീച്ചറുകളുടെ പണിപ്പുരയിലാണെന്നും വെമ്പു പറഞ്ഞു. ഇതൊരു മാരത്തോൺ ആണ്. തങ്ങൾ അതിനു തയ്യാറെടുത്ത് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ 'എൻഡ്ടുഎൻഡ് എൻക്രിപ്ഷൻ' സംവിധാനം ആപ്പിൽ പൂർണമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാറ്റത്തിന് ശേഷം ഏകദേശം 6,000 സോഹോ ജീവനക്കാർക്കിടയിൽ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു വരികയാണെന്നും വെമ്പു പറഞ്ഞു.

ഒടിപി ലഭിക്കാനുള്ള താമസം, കോൺടാക്ടുകൾ സിങ്ക് ആവാത്തത്, വീഡിയോ കോളുകളിലെ തടസങ്ങൾ തുടങ്ങിയ ചില പ്രശ്നങ്ങൾ അടുത്തിടെ ഉപയോക്താക്കൾ ആപ്പിൽ നേരിട്ടിരുന്നു. എന്നാൽ ഇതെല്ലാം പുതിയ അപ്‌ഡേറ്റിലൂടെ പരിഹരിക്കപ്പെടുമെന്ന് കമ്പനി ഉറപ്പുനൽകി.

വൺ ടു വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ വീഡിയോ കോളിംഗ് സൗകര്യം എന്നിവ ആപ്പിന്റെ പ്രധാന ഫീച്ചറുകളാണ്. ഡെസ്‌ക്ടോപ്പുകളിലും ആൻഡ്രോയിഡ് ടിവികളിലും ഉപയോഗിക്കാം. ആപ്പിന്റെ പ്രവർത്തനത്തിൽ സമ്പൂർണ തൃപ്തി വന്നതിന് ശേഷം മാത്രമേ ഇനി വമ്പിച്ച രീതിയിലുള്ള മാർക്കറ്റിംഗിലേക്ക് കടക്കൂ എന്നാണ് ശ്രീധർ വെമ്പു വ്യക്തമാക്കുന്നത്‌.