മരണത്തിന്റെ വിസിൽ, മറ്റ് പാമ്പുകളെപ്പോലെയല്ല അണലി; കടിക്കുന്നതിന് മുമ്പ് ചെയ്യുന്നത്

Monday 22 December 2025 3:39 PM IST

ആസാമിലെ നെൽപ്പാടങ്ങൾ മുതൽ രാജസ്ഥാനിലെ വരണ്ട ഭൂപ്രകൃതിയിൽവരെ കാണപ്പെടുന്ന പാമ്പാണ് അണലി. ഉഗ്രവിഷമുള്ള ഈ പാമ്പിന്റെ കടിയേറ്റ് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് റസ്സൽസ് വൈപ്പർ അഥവാ അണലി.

'മരണത്തിന്റെ വിസിൽ'

അണലിയുടെ ചീറ്റൽ ശബ്ദത്തിന് പ്രഷർ കുക്കർ വിസിലിനോട് സാമ്യമുണ്ട്. ഭീഷണി നേരിടുമ്പോഴാണ് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത്. ഈ ശബ്ദം പലരും നിസാരമായിട്ടാണ് കാണുന്നത്. എന്നാൽ മരണം മുന്നിലുണ്ടെന്നതിന്റെ ഒരു മുന്നറിയിപ്പാണ് ഈ ചീറ്റൽ. മറ്റുപാമ്പുകളിൽ നിന്ന് വ്യത്യസ്തമായി തുളച്ചുകയറുന്നതും ഉച്ചത്തിലുള്ളതും പെട്ടെന്നുള്ളതുമാണ് അണലിയുടെ ചീറ്റൽ ശബ്ദം.

ശാന്തമായ ഗ്രാമപ്രദേശങ്ങളിൽ, പ്രത്യേകിച്ച് മഴക്കാലത്ത് ഈ ചീറ്റൽ അപായമണി പോലെ നിശബ്ദതയെ ഭേദിക്കുന്നു. ഈ ശബ്ദം കേൾക്കുമ്പോൾ എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടുകയാണ് വേണ്ടത്.

ബിഗ് ഫോറിലൊന്ന്

ഇന്ത്യയിൽ കാണുന്ന ഏറ്റവും വിഷമുള്ള നാല് പാമ്പുകളിലൊന്നാണ് അണലി. മൂർഖൻ, ശംഖുവരയൻ, ചുരുട്ട മണ്ഡലി എന്നിവയാണ് മറ്റ് മൂന്ന് പാമ്പുകൾ. അണലിയെ സംബന്ധിച്ച് അത് ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന പാമ്പല്ല. ശ്രീലങ്ക, നേപ്പാൾ, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു. മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള ചുറ്റുപാടുകളിലാണ് പ്രധാനമായും അണലിയെ കാണുന്നത്. പ്രത്യേകിച്ച് കൃഷിയിടങ്ങളിലും പുൽമേടുകളിലും. എലികളാണ് ഇവയുടെ പ്രധാന ഇര.

അണലിയുടെ വിഷം എത്രത്തോളം മാരകമാണ്?

അണലിക്ക് ഹീമോടോക്സിക് വിഷമാണ്. അണലിയുടെ കടിയേറ്റാൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവത്തിന് കാരണമാകും. കൂടാതെ രക്തം കട്ടപിടിക്കൽ, വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കൽ, പേശികൾക്കും അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കൽ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

പ്രായപൂർത്തിയായ ഒരു മനുഷ്യനെ കൊല്ലാൻ വെറും 40 മില്ലിഗ്രാം വിഷം മതി. അത്യാവശ്യം വലിപ്പവും പ്രായവുമുള്ള അണിലി ഒറ്റക്കടിയിൽ അതിന്റ മൂന്നിരട്ടിയിലധികം വിഷം പുറപ്പെടുവിക്കും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കും. പാമ്പ് കടിയേറ്റതിന് ശേഷം പേടിച്ച് ഓടുകയോ മറ്റോ ചെയ്യുന്നത് രക്തത്തിലൂടെ വിഷം പടരുന്നത് വേഗത്തിലാക്കും.

പലപ്പോഴും മഴക്കാലത്ത് അണലി അവയുടെ വാസസ്ഥലങ്ങളിൽ നിന്ന് വീടുകളിലേക്ക് അടക്കം ഒഴുകിയെത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കടിയേൽക്കാൻ സാദ്ധ്യത കൂടുതലാണ്. മനുഷ്യനെ പിന്തുടർന്ന് കടിക്കുകയില്ല. എന്നിരുന്നാലും, അവ അങ്ങേയറ്റം പ്രതിരോധശേഷിയുള്ളതും ഭീഷണി നേരിടുമ്പോൾ പെട്ടെന്ന് പ്രതികരിക്കുന്നതുമാണ്.

അണലി കടിക്കുന്നതിന് മുമ്പ്

എസ് ആകൃതിയിൽ ചുരുളുന്നു. തലയും മുകൾ ശരീരവും ഉയർത്തുന്നു. ഉച്ചത്തിൽ ചീറ്റുന്നു.

അണലിയുടെ ചീറ്റൽ കേട്ടാൽ എന്തുചെയ്യണം

ചീറ്റൽ എവിടെ നിന്നാണെന്ന് തെരഞ്ഞ് പോകരുതെന്നതാണ് പ്രധാന കാര്യം.

ശാന്തമായും വേഗത്തിലും പിൻവാങ്ങുക.

പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. മറ്റുപാമ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് 360 ഡിഗ്രി തിരിഞ്ഞു കൊത്താൻ സാധിക്കും.

സുരക്ഷിതമായ സ്ഥലത്തിരുന്ന് അധികൃതരെ വിവരമറിയിക്കുക.

കടിയേറ്റാൽ:

ഓടുന്നത് ഒഴിവാക്കുക.

പേടിക്കരുത്. ശാന്തരായിരിക്കാൻ ശ്രമിക്കുക.

കഴിയുന്നത്ര വേഗത്തിൽ ആശുപത്രിയിലെത്തിക്കുക.

പരമ്പരാഗത ചികിത്സകൾ തേടിപ്പോകരുത്. ആന്റിവെനത്തിന് മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ.