തക്കാളി ഇനി ചീഞ്ഞുപോകില്ല; ദിവസങ്ങളോളം സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി
മലയാളികളുടെ അടുക്കളയിൽ നിന്ന് മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് തക്കാളി. വിവിധ വിഭവങ്ങളിൽ നാം തക്കാളി ചേർക്കാറുണ്ട്. ചിലർ പച്ചയ്ക്കും തക്കാളി കഴിക്കുന്നു. കറികളിൽ രുചി കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ കൂടി ഇതിനുണ്ട്. കലോറി, കാർബോഹെെഡ്രേറ്റ്, കൊഴുപ്പ് എന്നിവ ഇതിൽ വളരെ കുറവാണ്. കൂടാതെ മെെക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്. അതിനാൽ തക്കാളി കഴിക്കുന്നത് വളരെ നല്ലതാണ്.
എന്നാൽ പലപ്പോഴും തക്കാളി വാങ്ങി കുറച്ചുദിവസം കഴിയുമ്പോൾ ചീഞ്ഞുപോകുന്നു. ഇതിന് പരിഹാരം അന്വേഷിച്ച് നടക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും നാം ചെയ്യുന്ന തെറ്റുകളാണ് അതിന് കാരണമെന്ന് ആദ്യം മനസിലാക്കുക. തക്കാളി ഒരിക്കലും തുറന്ന സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ല. ഇത് അവ വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും. കൂടാതെ മറ്റ് പച്ചക്കറികളുടെ ഒപ്പം തക്കാളി ഇട്ട് വയ്ക്കരുത്.
തക്കാളി വാങ്ങി വന്നാൽ ആദ്യം ശുദ്ധമായ വെള്ളത്തിൽ അത് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് പാത്രത്തിൽ വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് പെട്ടെന്ന് ചീഞ്ഞുപോകുന്നത് തടയുന്നു. അല്ലെങ്കിൽ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തത് രണ്ട് സ്പൂൺ വിനാഗിരി ചേർത്തതിന് ശേഷം തക്കാളി പത്ത് മിനിട്ട് അതിൽ മുക്കിവയ്ക്കുക. ശേഷം നല്ലപോലെ സാധാരണവെള്ളത്തിൽ കഴുകിയെടുക്കാം. ഇനി തുണി ഉപയോഗിച്ച് തുടച്ച് തക്കാളി ഓരോന്നായി ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. എത്ര നാൾ വേണമെങ്കിലും ചീഞ്ഞുപോകാതെ ഇരിക്കും.