കടം വാങ്ങിയ പണം തിരികെ നൽകിയില്ല; 19കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെച്ചൊല്ലി 19കാരനെ കുത്തി കൊല്ലാൻ ശ്രമം. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. സുഹൃത്തുക്കളായ രണ്ടുപേർ ചേർന്നാണ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രത്തൻ, ശ്യാംവീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പത്തൊൻപതുകാരനായ കുൽദീപ് പ്രതികളിലൊരാളായ രത്തനിൽ നിന്ന് 2,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. സംഭവ ദിവസം തർക്കം രൂക്ഷമായതോടെയാണ് രത്തനും സുഹൃത്ത് ശ്യാംവീറും ചേർന്ന് കുൽദീപിനെ ആക്രമിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതികൾ കുൽദീപിന്റെ കഴുത്തിന് കുത്തുകയായിരുന്നു.
ആക്രമണത്തിനിടെ കുൽദീപിനെ രക്ഷിക്കാൻ ശ്രമിച്ച ആദിത്യ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് രക്തത്തിൽ കുളിച്ചുകിടന്ന കുൽദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുൽദീപ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.