ഡെസ്‌കും ബെഞ്ചും നൽകിയില്ല, നിലത്തിരുന്ന് സർക്കാർ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേർ, ആകെ ഒഴിവ് ഇരുന്നൂറിൽ താഴെ
സാംബൽപൂർ: ഇരിപ്പിടമില്ലാതെ നിലത്തിരുന്ന് സർക്കാർ പരീക്ഷയെഴുതി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. ഒഡീഷയിലെ സാംബൽപൂർ ജില്ലയിലെ ജമദാർപാലി എയർസ്ട്രിപ്പിലാണ് സംഭവം. ഹോംഗാർഡ് തസ്‌തികയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഉദ്യോഗാർത്ഥികൾ നിലത്തിരുന്നെഴുതിയത്. രണ്ട് മണിക്കൂറായിരുന്നു പരീക്ഷയുടെ സമയപരിധി. പരീക്ഷയിലെ അച്ചടക്കം നിരീക്ഷിക്കുന്നതിനായി അധികൃതർ ഡ്രോൺ സംവിധാനം വിന്യസിച്ചു. ആൾത്തിരക്ക് നിയന്ത്രിക്കുന്നതിനായി മൂന്ന് എഎസ്‌പിമാർ, 24 ഇൻസ്‌പെക്‌ടർമാർ, 86 സബ് ഇൻസ്‌പെക്‌ടർമാർ, 100 ഹോം ഗാർഡ്സ് തുടങ്ങിയവരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
ഹോം ഗാർഡ് തസ്തികയിലേക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണ്. എന്നാൽ പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളിൽ അധികം പേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു. സാംബൽപൂർ ജില്ലയിലുടനീളമുള്ള 8,000-ത്തിലധികം ഉദ്യോഗാർത്ഥികൾ എഴുതിയ പരീക്ഷയിലെ ആകെ ഒഴിവുകളുടെ എണ്ണം 187 ആണ്. ബിരുദധാരികൾ, എഞ്ചിനീയർമാർ എംബിഎ പാസായവർ തുടങ്ങിയവർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. ഇത് സംസ്ഥാനം നേരിടുന്ന തൊഴിലവസരങ്ങളുടെ കടുത്ത ക്ഷാമത്തിലേക്ക് വിരൽ ചൂണ്ടുന്നു.
പരീക്ഷ എഴുതാൻ ഉദ്യോഗാർത്ഥികൾ എയർസ്ട്രിപ്പിൽ ഇരിക്കുന്നതിന്റെ ഡ്രോൺ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വലിയ വിമർശനങ്ങൾക്കും വഴിതുറന്നു. ഡെസ്‌കോ ബഞ്ചോ നൽകാതെ നിലത്തിരുത്തി ഉദ്യോഗാർത്ഥികളെ പരീക്ഷയെഴുതിച്ചത് വിവാദങ്ങൾക്ക് കാരണമായി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിലുള്ള സർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയ്‌തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.