രണ്ട് ലക്ഷം രൂപ ശമ്പളം; ബംഗളൂരു മെട്രോയിൽ ജോലി നേടാം, പ്രായപരിധി 56 വയസ്

Monday 22 December 2025 3:52 PM IST

ബംഗളൂരു മെട്രോയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഓപ്പറേഷൻസ് ആന്റ് മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്‌തികകളിലാണ് ഒഴിവുകളുള്ളത്.

രണ്ട് ജനറൽ മാനേജർ തസ്‌തികകളാണുള്ളത്. സിഗ്നലിംഗ്/ ടെലികോം - 1, ഓപ്പറേഷൻസ് - 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ഈ തസ്‌തികകളിലേക്ക് കരാർ നിയമനത്തിന് 55ഉം ഡെപ്യൂട്ടേഷന് 56 വയസുമാണ് ഉയർന്ന പ്രായപരിധി. ഡെപ്യൂട്ടി മാനേജർ തലത്തിൽ അഞ്ച് ഒഴിവുകളുണ്ട്. സേഫ്‌റ്റി, എസ്‌എസ്‌എം, എഎഫ്‌സി/ടെലി, സ്റ്റോർസ്, പി - വേ എന്നിവയിൽ ഓരോന്ന് വീതമാണ് ഒഴിവ്. 48 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

ജനറൽ മാനേജർക്ക് 2,06,250 രൂപയും ഡെപ്യൂട്ടി ജനറൽ മാനേജർക്ക് 1,64,000 രൂപയുമാണ് പ്രതിമാസ ശമ്പളം. ഡെപ്യൂട്ടേഷൻ വഴി വരുന്നവർക്ക് അവരുടെ മാതൃവകുപ്പിലെ ശമ്പളഘടന ബാധകമായേക്കാം. ജിപിഎ, ജിഎംസി, യാത്രാബത്ത തുടങ്ങി കമ്പനിയുടെ നിലവിലുള്ള നിയമങ്ങളനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

2026 ജനുവരി 15 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച ശേഷം ഒപ്പിട്ട അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും ജനുവരി 20നകം അയക്കണം. ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിനായി https://www.bmrc.co.in/ ക്ലിക്ക് ചെയ്യൂ.