കടലിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Monday 22 December 2025 6:27 PM IST
ചവറ: കടലിൽ കുളിക്കാനിറങ്ങി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നീണ്ടകര പുത്തൻതുറ ചെറുകരയിൽ രഞ്ജിത്തിന്റെ മൂത്ത മകൻ അമൽജിത്താണ് (15) മരിച്ചത്. നീണ്ടകര പുത്തൻതുറ ബേക്കറി ജംഗ്ഷന് പടിഞ്ഞാറ് കോവിൽത്തോട്ടത്തിനും ഐ.ആർ.ഇയുടെ 132 മൈനിംഗിനുമിടയിലാണ് രാവിലെ 6 ഓടെ മൃതദേഹം കണ്ടെത്തിയത്. അമൽജിത്ത് പഠിച്ച പുത്തൻതുറ അരയ സേവാ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അമൽജിത്തിന്റെ അനുജൻ സൂര്യജിത്തുമൊപ്പമുള്ള സുഹൃത്തുക്കളാണ് കടൽത്തീരത്ത് കളി കഴിഞ്ഞ് കുളിച്ചത്. 20ന് വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം. കോസ്റ്റൽ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും ചവറ പൊലീസിന്റെയും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ മൃതദേഹം കണ്ടെത്താനായത്. മാതാവ്: പ്രിയങ്ക.