ക്രിസ്മസ് കാലത്തെ ലഹരിവല പൊട്ടിക്കാൻ പരിശോധന

Tuesday 23 December 2025 12:56 AM IST

കോട്ടയം : ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് മുന്നോടിയായി ലഹരി ഒഴുക്കിന് തടയിടാൻ പൊലീസും, എക്സൈസും. ടൂറിസംകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും. ഹോട്ടൽ ഉടമകൾക്കും ഹൗസ് ബോട്ട് ഉടമകൾക്കും വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. സ്ഥിരം കഞ്ചാവ് കച്ചവടക്കാർ, ഇപ്പോൾ പിടിയിലായവരുടെ സുഹൃത്തുക്കൾ എന്നിവരടക്കമുള്ളവരെ നിരീക്ഷിച്ചും നേരിട്ടുകണ്ടുമാകും പ്രവർത്തനം. വിദേശത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവും അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും എത്തിക്കാനുള്ള സാദ്ധ്യതയും മുൻകൂട്ടിക്കാണുന്നുണ്ട്. പതിവ് ലഹരി കച്ചവടക്കാർ തന്നെയാണ് ഇതിന് പിന്നിലും. വിലയും ലാഭവും ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്കും പ്രിയം.

ഭായിമാർ നിരീക്ഷണത്തിൽ

അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് എത്തിക്കാൻ അന്യ സംസ്ഥാനക്കാരുടെ പ്രത്യേക സംഘമുണ്ട്. ഇവരെ കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും മഫ്തിയിൽ പൊലീസുണ്ട്. ഒരു കിലോയ്ക്ക് മുകളിൽ കൈവശംവച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാനാകൂ.

ജാഗ്രതാ നിർദ്ദേശം

ലഹരി സംബന്ധിച്ച് വിവരം നൽകാൻ ടൂറിസം സംരഭകർക്കും നിർദേശം

പൊലീസ് പട്രോളിംഗും വാഹന പരിശോധനയും ഊർജിതമാക്കി

 പതിവ് കച്ചവടക്കാരും കൂട്ടാളികളും നിരീക്ഷണത്തിൽ

അന്യസംസ്ഥാന ബസുകളിലും പരിശോധന നടത്തും